മുംബൈ : ആഡംബര കപ്പലിലെ ലഹരിവിരുന്ന് കേസിൽ അറസ്റ്റിലായ ആര്യൻ ഖാന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഒക്ടോബർ 26ലേക്ക് മാറ്റി. ബോംബെ ഹൈക്കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് നീട്ടിയത്. അടിയന്തരമായി വെള്ളിയാഴ്ച കേസ് പരിഗണിക്കണമെന്ന് ആര്യൻ ഖാന് വേണ്ടി ഹാജരായ അഭിഭാഷകൻ സതീഷ് മനേഷിന്ദെ ആവശ്യപ്പെട്ടെങ്കിലും എൻസിബിയുടെ ആവശ്യം പരിഗണിച്ച് ഈമാസം 26ലേക്ക് മാറ്റുകയായിരുന്നു.
അന്നേ ദിവസം മുന്മുന് ധമേച്ചയുടെ ജാമ്യാപേക്ഷയും പരിഗണിക്കും
അതേദിവസം, കേസിൽ അറസ്റ്റിലായ മുന്മുന് ധമേച്ചയുടെ ജാമ്യാപേക്ഷയും കോടതി പരിഗണിക്കും. സ്പെഷ്യൽ മുംബൈ കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് ആര്യൻ ഖാൻ ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം ആര്യനെ കാണാനായി ഷാരൂഖ് ഖാൻ രാവിലെ ആർതർ റോഡ് ജയിലിലെത്തി. പത്ത് മിനിറ്റ് സമയമാണ് കൂടിക്കാഴ്ചയ്ക്ക് ജയിൽ അധികൃതർ അനുവദിച്ചത്.