ശ്രീനഗര്‍:തെക്കന്‍ കശ്‌മീരില്‍ സിആര്‍പിഎഫ് (CRPF) ജവാനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ജാര്‍ഖണ്ഡ് സ്വദേശിയായ അജയ് കുമാറാണ് മരിച്ചത്. പുലര്‍ച്ചെ, രണ്ട് മണിയോടെ പ്രദേശത്ത് നിന്നും വെടിയൊച്ച കേട്ടിരുന്നതായി ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു.
തുടര്‍ന്ന്, നടത്തിയ പരിശോധനയിലാണ് അജയ് കുമാറിന്‍റെ മൃതദേഹം കണ്ടെത്തിയത്. വിശദമായ അന്വേഷണത്തിന് ശേഷമെ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു.
റേഞ്ച് ഡിഐജി വെടിയേറ്റ് മരിച്ച നിലയില്‍:ഇക്കഴിഞ്ഞ ജൂലൈയില്‍ കോയമ്പത്തൂര്‍ ഡിഐജി വിജയകുമാറിനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കോയമ്പത്തൂര്‍ റേസ് കോഴ്‌സ് റോഡിലെ (Race Course Road) ക്യാമ്പ് ഓഫിസിനുള്ളില്‍ നിന്നായിരുന്നു വിജയകുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജൂലൈ ഏഴിനായിരുന്നു സംഭവം.
അന്നേദിവസം, രാവിലെ പ്രഭാത നടത്തത്തിന് പോയ ഡിഐജി വിജയകുമാര്‍ രാവിലെ ഏഴ് മണിക്ക് മുന്‍പായി ക്യാമ്പില്‍ മടങ്ങിയെത്തിയിരുന്നു. തുടര്‍ന്ന്, റൂമിന് പുറത്തുണ്ടായിരുന്ന സുരക്ഷ ഉദ്യോഗസ്ഥനില്‍ നിന്നും അദ്ദേഹം തോക്ക് വാങ്ങി. സുരക്ഷ ഉദ്യോഗസ്ഥനില്‍ നിന്നും തോക്ക് വാങ്ങിയ ശേഷം അദ്ദേഹം മുറിയിലേക്ക് പോകകുകയായിരുന്നു.
ഡിഐജി മുറിക്കുള്ളില്‍ എത്തി അല്‍പ്പസമയത്തിന് ശേഷം അവിടെ നിന്നും ഒരു വെടിയൊച്ച കേട്ടിരുന്നതായി പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വെടിയൊച്ച കേട്ടതിനെ തുടര്‍ന്ന് ഗണ്‍മാന്‍ റൂമിനുള്ളില്‍ എത്തി പരിശോധിച്ചപ്പോള്‍ വിജയകുമാറിനെ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല.
തമിഴ്‌നാടിനെയാകെ ഞെട്ടിച്ച ഒരു സംഭവമായിരുന്നു 2009ലെ ഐപിഎസ് ബാച്ച് ഉദ്യോഗസ്ഥനായിരുന്ന വിജയകുമാറിന്‍റെ മരണം. സംസ്ഥാനത്ത് കോളിളക്കം സൃഷ്‌ടിച്ച പല കേസുകളുടെയും അന്വേഷണ ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥന്‍ കൂടിയായിരുന്നു വിജയകുമാര്‍. അദ്ദേഹത്തിന്‍റെ ഔദ്യോഗിക ജീവിതവുമായി ബന്ധപ്പെട്ട പല കഥകളും വെള്ളിത്തിരയിലേക്കും പകര്‍ത്തപ്പെട്ടിട്ടുണ്ട്.
വിജയ് നായകനായ തമിഴ് ചിത്രം 'തെരി'യും കാര്‍ത്തി പ്രധാന വേഷത്തിലെത്തിയ 'തീരന്‍ അധികാരം ഒന്‍ട്ര്' എന്ന ചിത്രവും വിജയകുമാറിന്‍റെ കഥകളായിരുന്നു. 2014ല്‍ ചെന്നൈക്ക് സമീപത്തുള്ള സിരുശേരിയില്‍ ഐടി ജീവനക്കാരിയായ യുവതി കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം അന്ന് ഏറെ ചര്‍ച്ചയായിരുന്നു. അന്ന് കാഞ്ചീപുരം ജില്ല പൊലീസ് സൂപ്രണ്ട് ആയിരുന്ന വിജയകുമാര്‍ ആയിരുന്നു കേസിലെ പ്രതികളെ പിടികൂടിയത്.
'തെരി' എന്ന വിജയ് ചിത്രത്തില്‍ സംവിധായകന്‍ ആറ്റ്‌ലി ഈ സംഭവത്തെയും ഉള്‍പ്പെടുത്തിയിരുന്നു. 'വിജയകുമാര്‍' എന്ന പേര് തന്നെയായിരുന്നു ചിത്രത്തില്‍ സംവിധായകന്‍ തന്‍റെ നായകന് നല്‍കിയിരുന്നതും. തമിഴ്‌നാട്ടില്‍ അരുംകൊലകളും കവര്‍ച്ചയും നടത്തി രക്ഷപ്പെട്ട ബവേറിയ കൊള്ളസംഘത്തെ അന്വേഷിച്ച് വിജയകുമാര്‍ ഉള്‍പ്പെട്ട പൊലീസ് സംഘം നടത്തിയ യാത്രയെ ആണ് എച്ച് വിനോദിന്‍റെ 'തീരന്‍ അധികാരം ഒന്‍ട്രി'ല്‍ കാണിച്ചിരിക്കുന്നത്.
Read More :'ജീവിതം സിനിമയായി, മരണം നാടകീയം': വിജയും കാർത്തിയും നിറഞ്ഞാടിയ കഥാപാത്രങ്ങൾക്ക് പിന്നിലെ പൊലീസ് ഉദ്യോഗസ്ഥൻ ഡി.ഐ.ജി സി വിജയകുമാർ