റായ്‌പൂര്‍: ഛത്തിസ്‌ഗഡിലെ സീതാപൂര്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയും ഭൂപേഷ് ബാഗേല്‍ മന്ത്രിസഭയില്‍ അംഗവുമായിരുന്നു അമര്‍ജിത് ഭഗത്. ഇത്തവണയും കോണ്‍ഗ്രസ് ടിക്കറ്റില്‍ മല്‍സരിക്കാനെത്തിയ അമര്‍ജിത് മുമ്പ് ചെയ്ത ഒരു തെറ്റിന് ഇത്തവണ കനത്ത വില കൊടുക്കേണ്ടി വന്നു. ജവാന്‍മാര്‍ക്ക് രാഷ്ട്രീയത്തില്‍ കാര്യമില്ലെന്നും അവര്‍ അതിര്‍ത്തിയിലെ കാര്യങ്ങള്‍ നോക്കിയാല്‍ മതിയെന്നുമായിരുന്നു മുമ്പ് മന്ത്രിയായിരിക്കെ അമര്‍ജിത് പറഞ്ഞിരുന്നത്.
ജവാന്മാരെ അവഹേളിച്ച മന്ത്രിക്കെതിരെ പാരാമിലിട്ടറി ജീവനക്കാരുടെ കുടുംബങ്ങളൊന്നാകെ സംഘടിക്കുകയായിരുന്നു. അങ്ങനെയാണ് അവര്‍ സിആര്‍പിഎഫ് 55-ാം ബറ്റാലിയനിലെ ഹവില്‍ദാര്‍ രാം കുമാര്‍ ടോപ്പോയെ ബന്ധപ്പെടുന്നത്. ചില്ലറ സാമൂഹ്യ സേവനമൊക്കെ നടത്തി നാട്ടില്‍ അറിയപ്പെടുന്ന യുവാവായിരുന്നു. 31 കാരനായ രാംകുമാര്‍ ടോപ്പോ സര്‍വീസിലിരിക്കേ കേരളത്തിലും ജോലി നോക്കിയിട്ടുണ്ട്.
ജമ്മു കശ്മീരില്‍ സേവനത്തിന് നിയോഗിക്കപ്പെട്ട സിആര്‍പിഎഫ് കമാൻഡോ യൂണിറ്റിലെ അംഗമായിരുന്ന ടോപ്പോ 2018 ല്‍ ഭീകരരെ നേരിട്ട് ധീരോദാത്ത പ്രകടനം കാഴ്ചവെച്ചതിന് രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള പുരസ്കാരത്തിന് അര്‍ഹനായിരുന്നു. 18 മണിക്കൂര്‍ നീണ്ട ഓപ്പറേഷനില്‍ ശ്രീനഗറിലെ മുജ്‌ഗണ്ട് മേഖലയില്‍ മൂന്ന് തീവ്രവാദികളെ ടോപ്പോയും സംഘവും അന്ന് കീഴ്പ്പെടുത്തിയിരുന്നു. വിശിഷ്ട സേവനത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മെഡലും നേടിയ ജവാനാണ് രാംകുമാര്‍ ടോപ്പോ. ഛത്തീസ് ഗഡില്‍ നക്സല്‍ വിരുദ്ധ ഓപ്പറേഷന് നിയോഗിക്കപ്പെട്ട സിആര്‍പിഎഫ് സംഘത്തിലും ഉള്‍പ്പെട്ടിരുന്നു.