ജോധ്‌പൂര്‍ (രാജസ്ഥാന്‍): ഭാര്യയേയും മകളെയും വീടിനുള്ളില്‍ പൂട്ടിയിട്ട് സിആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ സ്വയം വെടിയുതിര്‍ത്ത് മരിച്ചു. രാജസ്ഥാനിലെ ജോധ്‌പൂരിലുള്ള സിആര്‍പിഎഫ് ട്രെയിനിങ് സെന്‍ററിലാണ് സംഭവം. സിആര്‍പിഎഫ് കോണ്‍സ്റ്റബിളായ നരേഷ് ജാട്ട് (38) എന്നയാളാണ് മരിച്ചത്.
ഭാര്യയേയും മകളെയും വീടിനുള്ളില്‍ പൂട്ടിയിട്ട് സിആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ ജീവനൊടുക്കി - രാജസ്ഥാന്‍ സിആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ മരണം
ഭാര്യയേയും അഞ്ചുവയസുകാരിയായ മകളെയും മണിക്കൂറുകളോളം ബന്ദിയാക്കിയ ശേഷം ഇയാള്‍ സ്വയം വെടിയുതിര്‍ത്ത് മരിക്കുകയായിരുന്നു
ഞായറാഴ്‌ച വൈകിട്ട് അഞ്ച് മണിയോടെ ഭാര്യയേയും അഞ്ചുവയസുകാരിയായ മകളെയും വീടിനുള്ളില്‍ പൂട്ടിയിട്ട ശേഷം ഇയാള്‍ ആകാശത്തേക്ക് വെടിയുതിര്‍ക്കാന്‍ തുടങ്ങി. പൊലീസും സിആർപിഎഫിന്‍റെ ഉന്നത ഉദ്യോഗസ്ഥരും വിവരമറിഞ്ഞ് ഉടന്‍ സ്ഥലത്തെത്തിയെങ്കിലും ഇയാള്‍ സംസാരിക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് രാജസ്ഥാനിലുള്ള പിതാവും സഹോദരനും നരേഷിനെ ഫോണില്‍ വിളിച്ച് അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
എട്ട് മാസം മുമ്പ് ഒരു അപകടമുണ്ടായതിന് ശേഷം നരേഷ് പെട്ടെന്ന് ദേഷ്യപ്പെടാറുണ്ടായിരുന്നുവെന്ന് സഹോദരന്‍ പറഞ്ഞു. 40 റൗണ്ട് ബുള്ളറ്റുകളുള്ള ഒരു ഇൻസാസ് റൈഫിളാണ് നരേഷിന്‍റെ പക്കലുണ്ടായിരുന്നതെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ മൂന്ന് വർഷമായി സിആർപിഎഫ് പരിശീലന കേന്ദ്രത്തിൽ ജോലി ചെയ്യുകയായിരുന്നു നരേഷ്.