ദേഗംഗ (പശ്ചിമ ബംഗാൾ) :17 രൂപ മാത്രമുണ്ടായിരുന്ന ബാങ്ക് അക്കൗണ്ടിൽ ഒറ്റ രാത്രികൊണ്ട് എത്തിയത് 10 കോടി. പശ്ചിമ ബംഗാളിലെ വാസുദേവ്പൂർ ഗ്രാമത്തിലെ കർഷകത്തൊഴിലാളിയായ മുഹമ്മദ് നസിറുല്ല മണ്ഡലിന്‍റെ ബാങ്ക് അക്കൗണ്ടിലാണ് അപ്രതീക്ഷിതമായി കോടികൾ എത്തിയത്. ഒറ്റ രാത്രികൊണ്ട് കോടീശ്വരനായെങ്കിലും പണത്തിന്‍റെ സ്രോതസ് കാണിക്കാൻ ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിൽ നിന്നുൾപ്പെടെ നോട്ടീസ് ലഭിച്ചതോടെ ഉറക്കം നഷ്‌ടപ്പെട്ട അവസ്ഥയിലാണ് നസിറുല്ല മണ്ഡൽ.
ദേഗംഗയിലെ ചൗരാഷി പഞ്ചായത്തിലെ വാസുദേവ്പൂർ ഗ്രാമത്തിലെ താമസക്കാരനാണ് 26 കാരനായ മുഹമ്മദ് നസിറുല്ല മണ്ഡൽ. മാതാപിതാക്കളെ കൂടാതെ ഭാര്യയും മകനും മകളും അടങ്ങുന്നതാണ് കുടുംബം. നസിറുല്ലയുടെ തുശ്ചമായ വരുമാനത്തിലാണ് കുടുംബം മുന്നോട്ട് പോകുന്നത്. ഇതിനിടെയാണ് അപ്രതീക്ഷിതമായ ഇയാളുടെ അക്കൗണ്ടിൽ കോടികൾ എത്തിയത്.
ആയിരം രൂപ പോലും ഇതുവരെ അക്കൗണ്ടിൽ നിക്ഷേപിക്കാൻ സാധിച്ചിട്ടില്ലാത്ത നസിറുല്ലയുടെ ബാങ്ക് അക്കൗണ്ടിലാണ് 10 കോടി എത്തിയതെന്നതാണ് ഇതിലെ ഏറ്റവും വലിയ കൗതുകം. അടുത്തിടെ മുർഷിദാബാദിലെ ജംഗിപൂർ പൊലീസ് ഡിസ്ട്രിക്റ്റിലെ സൈബർ ക്രൈം പൊലീസ് സ്‌റ്റേഷൻ, നോർത്ത് 24 പർഗാനാസിലെ ദേഗംഗ പൊലീസ് സ്‌റ്റേഷനിലേക്ക് വലിയ തോതിൽ നടന്ന പണമിടപാടിനെക്കുറിച്ച് അറിയിച്ചുകൊണ്ട് നോട്ടീസ് അയച്ചിരുന്നു.
തുടർന്ന് ഈ നോട്ടീസ് നസിറുല്ലക്ക് ലഭിച്ചതോടെയാണ് സംഭവം പുറം ലോകമറിയുന്നത്. മെയ് 30നകം പണമിടപാട് സംബന്ധിച്ച് ആവശ്യമായ രേഖകളുമായി പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന് അറിയിച്ച് കൊണ്ടായിരുന്നു നോട്ടീസ് എത്തിയത്. പൊലീസിന്‍റെ നോട്ടീസ് ലഭിച്ചയുടനെ നസിറുല്ല കുഴഞ്ഞ് വീഴുകയായിരുന്നു എന്നും സമീപവാസികൾ പറയുന്നു. തുടർന്ന് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് 10 കോടി എത്തിയ കാര്യം അറിയുന്നത്.