വൈശാലി (ബിഹാർ) : ഗംഗ നദിയിൽ കുളിക്കാനിറങ്ങിയ 14 കാരനെ മുതല കടിച്ചു കൊന്നു. ബിഹാറിലെ വൈശാലി ജില്ലയിലെ റുസ്‌തംപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ദാരുണമായ സംഭവമുണ്ടായത്. ഗോകുൽപൂർ ഗ്രാമത്തിലെ അങ്കിത് കുമാർ (14) ആണ് മരിച്ചത്. പിന്നാലെ കുട്ടിയെ കൊലപ്പെടുത്തിയതിൽ രോഷാകുലരായ നാട്ടുകാർ മുതലയെ പിടികൂടി ക്രൂരമായി തല്ലിക്കൊന്നു.
മുതലയെ കൊലപ്പെടുത്തുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഇക്കഴിഞ്ഞ തിങ്കളാഴ്‌ച അങ്കിത് കുമാറിന്‍റെ പിതാവ് ധർമേന്ദ്ര പുതിയ ബൈക്ക് വാങ്ങിയിരുന്നു. ഇതിന്‍റെ പൂജകൾക്കായി ചൊവ്വാഴ്‌ച കുടുംബാംഗങ്ങളോടൊപ്പം ഖൽസ ഘട്ടിൽ എത്തിയതായിരുന്നു അങ്കിത് . ഇതിനിടെ പൂജകളുടെ ഭാഗമായി ഗംഗയിൽ കുളിക്കാനിറങ്ങിയപ്പോൾ അങ്കിതിനെ മുതല ആക്രമിക്കുകയായിരുന്നു. അങ്കിതിന്‍റെ കാലിൽ പിടിത്തമിട്ട മുതല കുട്ടിയെ വെള്ളത്തിനടിയിലേക്ക് കൊണ്ട് പോകുകയായിരുന്നു.
കുട്ടിയെ രക്ഷിക്കാൻ ബന്ധുക്കളും നാട്ടുകാരും ചേർന്ന് ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. തുടർന്ന് മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് കുട്ടിയുടെ ശരീര ഭാഗങ്ങൾ ഇവർക്ക് വീണ്ടെടുക്കാനായത്. ഇതിന് പിന്നാലെ രോഷാകുലരായ നാട്ടുകാർ ചേർന്ന് മുതലയെ പിടികൂടുകയും കരയ്‌ക്കെത്തിച്ച് കമ്പി വടി ഉൾപ്പെടെ ഉപയോഗിച്ച് മർദിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. മുതലയെ കൊല്ലുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്.
അതേസമയം മുതലയെ കൊലപ്പെടുത്തിയവർക്കെതിരെ കേസ് എടുക്കുമെന്ന് വൈശാലി ഡിഎഫ്ഒ അമിത രാജ് അറിയിച്ചു. 'ഒരു മുതലയെ നാട്ടുകാർ ചേർന്ന് മർദിച്ച് കൊലപ്പെടുത്തി. സംഭവത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ അന്വേഷണം നടത്തി വരികയാണ്. ഇതിലൂടെ വന്യജീവി നിയമം ലംഘിച്ചിരിക്കുകയാണ്. കുറ്റക്കാർക്കെതിരെ നടപടിയെടുക്കും. ഇത്തരം വനജീവികളെ കണ്ടെത്തിയാൽ വനംവകുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്ന് ജനങ്ങളോട് അഭ്യർഥിക്കുന്നു'. ഡിഎഫ്‌ഒ വ്യക്‌തമാക്കി.