ന്യൂഡൽഹി:വൈവാഹിക ബലാത്സംഗം ക്രിമിനൽ കുറ്റമാക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ നിലപാട് സ്വീകരിക്കാൻ ഡൽഹി ഹൈക്കോടതിയിൽ നിന്ന് കൂടുതൽ സമയം തേടി കേന്ദ്ര സർക്കാർ. കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് വിഷയത്തിൽ നിലപാട് സ്വീകരിക്കാൻ രണ്ടാഴ്‌ചത്തെ സമയം അനുവദിക്കണമെന്ന് ജസ്റ്റിസുമാരായ രാജീവ് ഷാക്‌ധേർ, സി.ഹരിശങ്കർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിനോട് ആവശ്യപ്പെട്ടത്.
ഇന്ത്യന്‍ ബലാത്സംഗ നിയമപ്രകാരം ഭര്‍ത്താക്കന്മാര്‍ക്ക് അനുവദിച്ചിരിക്കുന്ന ഇളവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ജിഒകളായ ആര്‍ഐടി ഫൗണ്ടേഷന്‍, ഓള്‍ ഇന്ത്യ ഡെമോക്രാറ്റിക് വിമന്‍സ് അസോസിയേഷന്‍ എന്നീ സംഘടനകളും ഒരു പുരുഷനും ഒരു സ്ത്രീയും സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി. ഇത്തരം വിഷയങ്ങളിൽ ആലോചനകൾ അവസാനിക്കാത്തതിനാൽ കേന്ദ്രം അതെ അല്ലെങ്കിൽ അല്ല എന്ന് പറയണമെന്ന് ജസ്റ്റിസ് രാജീവ് ഷാക്‌ധേർ പറഞ്ഞു.
എന്നാൽ 2015ലെ വിഷയമാണെന്നതിരിക്കെ കൂടിയാലോചന ആവശ്യമായി വരാവുന്ന വിഷയമായതിനാൽ സർക്കാരിന് രണ്ടാഴ്‌ചത്തെ സമയം ആവശ്യമാണ് എന്നായിരുന്നു കേന്ദ്രത്തിന്‍റെ നിലപാട്. എന്നാൽ അമിക്കസ് ക്യൂറിയുടേയും മറ്റ് അഭിഭാഷകരുടേയും വാദങ്ങൾ പൂർത്തിയാക്കിയ ശേഷം കേന്ദ്രത്തിന്‍റെ അപേക്ഷ പരിഗണിക്കുമെന്ന് ജസ്റ്റിസ് ഷാക്‌ധേർ അറിയിച്ചു.