ബെംഗളൂരു: ടിക്കറ്റ് എടുക്കാതെ നമ്മ മെട്രോയില്‍ (Namma Metro) യാത്ര ചെയ്‌ത വിദേശ യൂട്യൂബര്‍ ഫിദിയസ് പനയോട്ടിനെതിരെ (Phidias Panayot) നിയമനടപടി സ്വീകരിക്കുമെന്ന് ബെംഗളൂരു മെട്രോ മാനേജിങ് ഡയറക്‌ടര്‍ അന്‍ജും പര്‍വീസ് (Anjum Parvez). യൂട്യൂബറുടെ വീഡിയോ വൈറലായതിനെ തുടര്‍ന്നാണ് സംഭവം അധികാരികളുടെ ശ്രദ്ധയില്‍പ്പെട്ടത്. സംഭവത്തില്‍ അന്വേഷണം നടത്തി ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ബിഎംആര്‍സിഎല്‍ മാനേജിങ് ഡയറക്‌ടര്‍ അറിയിച്ചു.
ഇന്ത്യയില്‍ എങ്ങനെ സൗജന്യമായി യാത്ര ചെയ്യാം (How to travel free in india) എന്ന പേരില്‍ ഒരു വീഡിയോ എടുത്ത് അയാള്‍ ഇന്‍റര്‍നെറ്റില്‍ പോസ്‌റ്റ് ചെയ്‌തിരുന്നു. വീഡിയോ വൈറലായത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇത്തരത്തിലുള്ള പെരുമാറ്റം അനുവദിക്കാനാവുന്നതല്ല. ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ഫിദിയസ് പനയോട്ടിനെതിരെ ക്രിമിനല്‍ കുറ്റം ചുമത്തും- അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ മെട്രോ ട്രെയിനുകളില്‍ എങ്ങനെ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യാം എന്നായിരുന്നു വീഡിയോയില്‍ അയാള്‍ ചിത്രീകരിച്ചത്. ടിക്കറ്റ് എടുക്കാതെ തന്നെ പ്ലാറ്റ്‌ഫോമില്‍ എത്തി ട്രെയിനില്‍ പ്രവേശിക്കുന്നത് വീഡിയോയില്‍ കാണാം. മെട്രോ ട്രെയിനില്‍ പ്രവേശിക്കുന്നതിന് മുന്നോടിയായുള്ള ഗെയിറ്റില്‍ കൂപ്പണ്‍ ഇടുന്നതിന് പകരം ഇയാള്‍ ഗെയിറ്റ് ചാടിക്കടക്കുകയാണുണ്ടായത്.
ഈ അവസരത്തില്‍ അയാള്‍ നീല ഷോര്‍ട്‌സും വെളുത്ത നിറമുള്ള ടീ-ഷര്‍ട്ടുമായിരുന്നു ധരിച്ചിരുന്നത്. മറ്റ് യാത്രക്കാര്‍ നിയമപ്രകാരം ക്യൂ പാലിച്ച് കൂപ്പണ്‍ ഉപയോഗിച്ച് ഗെയിറ്റ് തുറന്നായിരുന്നു പ്രവേശിച്ചിരുന്നത്.
2011ലായിരുന്നു ബെംഗളൂരു മെട്രോ പ്രവര്‍ത്തനം ആരംഭിച്ചത്. നാളിതുവരെയും ഇത്തരത്തിലൊരു കേസ് റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. ഇത് ആദ്യമായാണ് ടിക്കറ്റില്ലാതെ ഒരാള്‍ ചാടിക്കടക്കുന്നതെന്ന് അന്‍ജും പര്‍വീസ് അറിയിച്ചു.
വന്ദേ ഭാരതില്‍ ഒളിച്ചിരുന്നയാള്‍ പിടിയില്‍ (Man Caught Hide In Vande Bharat): അതേസമയം, ഇക്കഴിഞ്ഞ ജൂണ്‍ മാസത്തില്‍ വന്ദേ ഭാരത് ട്രെയിനിന്‍റെ ശുചിമുറി അകത്തുനിന്ന് പൂട്ടി മണിക്കൂറുകളോളം ഒളിച്ചിരുന്ന യുവാവിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ട്രെയിനില്‍ അതിക്രമിച്ച് കടന്നതിനും മറ്റുള്ള യാത്രക്കാര്‍ക്ക് പ്രയാസം സൃഷ്‌ടിച്ചതിനുമാണ് കേസ്. മഹാരാഷ്‌ട്ര ഛത്രപതി സ്വദേശി ചരണ്‍ നാരായണനെതിരെയാണ് (26) പൊലീസ് നടപടി.
ജൂണ്‍ 25ന് കാസര്‍കോട് നിന്ന് ടിക്കറ്റെടുക്കാതെ ട്രെയിനില്‍ ഓടി കയറിയ ഇയാള്‍ ശുചിമുറിയില്‍ കയറി വാതിലടച്ചിരിക്കുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും പുറത്തിറങ്ങാതായപ്പോള്‍ ട്രെയിനിലെ മറ്റ് യാത്രികര്‍ ജീവനക്കാരെയും ആർപിഎഫ് ഉദ്യോഗസ്ഥരെയും വിവരം അറിയിച്ചു. അകത്തുനിന്ന് പൂട്ടിയ വാതില്‍ തുറക്കാനാകാതെ യുവാവ് ശുചിമുറിയില്‍ അകപ്പെട്ടെന്നാണ് യാത്രികര്‍ ആദ്യം കരുതിയത്.
മണിക്കൂറുകള്‍ ഏറെ കഴിഞ്ഞപ്പോള്‍ ഇയാള്‍ ആത്മഹത്യ ചെയ്‌തിട്ടുണ്ടാകുമെന്ന ആശങ്കയിലായിരുന്നു യാത്രികരും ജീവനക്കാരും. ഇവര്‍ ആവശ്യപ്പെട്ടിട്ടും ഇയാള്‍ വാതില്‍ തുറന്നില്ലെന്ന് മാത്രമല്ല കയറുകൊണ്ട് കെട്ടി വയ്‌ക്കുകയും ചെയ്‌തിരുന്നു.
എന്നാല്‍ വൈകിട്ട് 5.25ന് വന്ദേ ഭാരത് ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയതോടെ സംരക്ഷണ സേന റെയിൽവേ പൊലീസ്, റെയിൽവേ സാങ്കേതിക വിഭാഗം ജീവനക്കാർ എന്നിവർ ചേർന്ന് ശുചി മുറിയുടെ വാതിൽ കുത്തി പൊളിച്ചാണ് ഇയാളെ പുറത്തെത്തിച്ചത്. 15 മിനിട്ട് നേരം ട്രെയിന്‍ ഷൊര്‍ണൂരില്‍ നിര്‍ത്തിയിട്ടു. പുറത്തിറക്കിയ ഇയാളെ പൊലീസ് ചോദ്യം ചെയ്‌തു. ടിക്കറ്റെടുക്കാതെ യാത്ര ചെയ്‌ത ഇയാളുടെ കൈവശം ബാഗോ മറ്റ് സാധനങ്ങളോ ഒന്നുമില്ലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.