ന്യൂഡൽഹി:റിപ്പബ്ലിക് ദിനത്തിലെ ചെങ്കോട്ട സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ ജാമ്യം ലഭിച്ച പഞ്ചാബി നടനും ആക്‌ടിവിസ്‌റ്റുമായ ദീപ് സിദ്ദുവിനെ ഡൽഹി പൊലീസ് വീണ്ടും അറസ്റ്റ് ചെയ്‌തു. ചെങ്കോട്ടയിലെ അക്രമവുമായി ബന്ധപ്പെട്ട് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ) സമർപ്പിച്ച എഫ്.ഐ.ആർ പ്രകാരമാണ് വീണ്ടും അറസ്റ്റ് ചെയ്‌തത്. അക്രമത്തിൽ പൈതൃക ഘടനയുടെ ചില ഭാഗങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു എന്നാണ് പുതിയ കേസ്.
കൂടുതൽ വായനയ്‌ക്ക്:ചെങ്കോട്ട സംഘര്‍ഷം: ദീപ് സിദ്ദുവിന്‍റെ ജാമ്യാപേക്ഷ ഏപ്രിൽ 8ന് പരിഗണിക്കും
ചോങ്കോട്ടയിലെ ആക്രമണത്തിനു നേതൃത്വം നൽകി എന്ന കേസിലാണ് ഫെബ്രുവരി ഒമ്പതിന് നടനെ അറസ്റ്റ് ചെയ്തത്. അതിനുശേഷം 14 ദിവസം റിമാൻഡിൽ പൊലീസ് കസ്‌റ്റഡിയിൽ വിടുകയും തുടർന്ന് ശനിയാഴ്‌ച അഡീഷണൽ സെഷൻസ് ജഡ്‌ജി നിലോഫർ അബീദ പർവീൻ അദ്ദേഹത്തിന് ജാമ്യാപേക്ഷ അനുവദിക്കുകയുമായിരുന്നു. കേസന്വേഷണവുമായി സഹകരിച്ചുകൊണ്ട് മുന്നോട്ട് പോകണമെന്ന് കോടതി നിർദേശിച്ചു. കൂടാതെ ജാമ്യ തുകയായി 30,000 രൂപയും രണ്ട് ആൾജാമ്യവും ഹാജരാക്കണം. പാസ്‌പോർട്ട് ഇൻവെസ്റ്റിഗേഷൻ ഓഫീസറുടെ(ഐഒ) പക്കൽ ഏൽപിക്കാനും ഓരോ കലണ്ടർ മാസത്തിലും 1, 15 തീയതികളിൽ ഐഒയുമായി ബന്ധപ്പെടണമെന്നും കോടതി നിർദേശിച്ചു. ഒരു തരത്തിലും സാക്ഷികളെ സ്വാധീനിക്കുകയോ ഭീഷണിപ്പെടുത്തുകയോ തെളിവുകൾ നശിപ്പിക്കാൻ ശ്രമിക്കുകയോ ചെയ്യരുത് മുതലായ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് കോടതി ഇദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്.
അതേസമയം സംഘർഷവുമായി ബന്ധപ്പെട്ട് സിദ്ദുവിനെതിരെയുള്ള ആരോപണങ്ങൾ വാസ്‌തവരഹിതമാണെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. ജനക്കൂട്ടത്തെ യാതൊരു തരത്തിലും സംഘർഷത്തിനു പ്രേരിപ്പിച്ചിട്ടില്ലെന്നും ദീപു സിദ്ദുവിന്‍റെ അഭിഭാഷകൻ അഭിഷേക് ഗുപ്‌ത കോടതിയിൽ വാദിച്ചു. തുടർന്ന് പ്രൊസിക്യൂഷന്‍റെ എതിർപ്പ് തള്ളി സിദ്ദുവിന് ജാമ്യം അനുവദിച്ചെങ്കിലും മണിക്കൂറുകൾക്കകം ക്രൈം ബ്രാഞ്ച് വീണ്ടും അറസ്‌റ്റ് ചെയ്യുകയായിരുന്നു.