ഡെറാഡൂണ്‍: ക്രിക്കറ്റ് താരങ്ങളെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തില്‍ പരിശീലകന്‍ നരേന്ദ്ര ഷായെ പൊലീസ് അറസ്റ്റ് ചെയ്‌തു. ആത്മഹത്യ ശ്രമത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നരേന്ദ്ര ഷായെ ഡിസ്‌ചാര്‍ജ് ചെയ്‌തതിന് പിന്നാലെയാണ് ഇന്നലെ രാത്രി അറസ്റ്റ് ചെയ്‌തത്. ലൈംഗികാതിക്രമത്തിനും എസ്‌സി/എസ്‌ടി നിയമപ്രകാരവും കുട്ടികളുടെ ലൈംഗികാതിക്രമങ്ങളിൽ നിന്നുള്ള സംരക്ഷണ നിയമപ്രകാരവും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.
സ്വന്തമായി ക്രിക്കറ്റ് പരിശീലന അക്കാദമി നടത്തുകയായിരുന്നു നരേന്ദ്ര ഷാ. ഇയാള്‍ പരിശീലിപ്പിച്ചിരുന്ന മൂന്ന് ക്രിക്കറ്റ് താരങ്ങളെ പീഡനത്തിന് ഇരയാക്കിയതായാണ് ആരോപണം. പീഡനത്തിന് ഇരയായവരില്‍ ഒരാള്‍ പ്രായപൂര്‍ത്തി ആകാത്ത ആളായിരുന്നു. ലൈംഗിക പീഡന ആരോപണം പുറത്ത് വന്നതിനെ തുടര്‍ന്ന് നരേന്ദ്ര ഷാ ആത്‌മഹത്യക്ക് ശ്രമിക്കുകയുണ്ടായി.
ആത്‌മഹത്യ ശ്രമത്തെ തുടര്‍ന്ന് ഡൂണ്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് ഋഷികേശിലെ എയിംസിലേക്ക് മാറ്റുകയായിരുന്നു. എയിംസില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്ന നരേന്ദ്ര ഷാ ഇന്നലെ ഡിസ്‌ചാര്‍ജ് ആയി. ഇതിന് പിന്നാലെ തന്നെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു എന്ന് സര്‍ക്കിള്‍ ഓഫിസര്‍ പങ്കജ് ഗൈറോള പറഞ്ഞു.
ലൈംഗിക ആരോപണത്തെ തുടര്‍ന്ന് ഇയാളെ ക്രിക്കറ്റ് അസോസിയേഷനില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്‌തിരുന്നു. അതിനിടെ, നരേന്ദ്ര ഷായെ കർശനമായി ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തരാഖണ്ഡ് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ മുൻ അധ്യക്ഷ ഉഷ നേഗി പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിസിസിഐ പ്രസിഡന്‍റ് റോജർ ബിന്നി എന്നിവർക്ക് കത്തയച്ചു.
ബാലികയെ കൊലപ്പെടുത്തി പീഡിപ്പിച്ചു:കഴിഞ്ഞ ദിവസം രാജസ്ഥാനില്‍ ബാലികയെ കൊലപ്പെടുത്തിയ ശേഷം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ അയല്‍ക്കാരനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. കുറ്റകൃത്യം മറച്ച് വയ്‌ക്കാന്‍ ഇയാളുടെ മാതാപിതാക്കള്‍ സഹായിച്ചതായി യുവാവ് പൊലീസിനോട് പറഞ്ഞു.
ഏപ്രില്‍ ഒന്നിനായിരുന്നു കേസിന് ആസ്‌പദമായ സംഭവം. വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്ത് യുവാവ് കുട്ടിയെ സൗഹൃദം നടിച്ച് തന്‍റെ വീട്ടില്‍ എത്തിക്കുകയായിരുന്നു. യുവാവിനെ നേരത്തെ കുട്ടിക്ക് പരിചയമുണ്ടായിരുന്നതിനാല്‍ കുട്ടിയെ വീട്ടില്‍ എത്തിക്കാന്‍ ഇയാള്‍ക്ക് ബുദ്ധിമുട്ടേണ്ടി വന്നില്ല.
വീട്ടിലെത്തിയ കുട്ടിയെ ഇയാള്‍ കൊലപ്പെടുത്തുകയും പിന്നാലെ പീഡിപ്പിക്കുകയും ആയിരുന്നു. സംഭവത്തിന് ശേഷം വീട്ടിലെത്തി യുവാവിന്‍റെ മാതാപിതാക്കള്‍ മൃതദേഹം കണ്ടതോടെ കുറ്റകൃത്യം മറച്ചുവയ്‌ക്കാനുള്ള പദ്ധതി ആവിഷ്‌കരിച്ചു. മൃതദേഹം കഷ്‌ണങ്ങളാക്കി അടുത്തുള്ള ആള്‍താമസമില്ലാത്ത വീട്ടില്‍ സംസ്‌കരിക്കാന്‍ മാതാപിതാക്കള്‍ യുവാവിനെ സഹായിക്കുകയായിരുന്നു.
ഓട്ടിസം ബാധിച്ച കുട്ടിയെ പീഡിപ്പിച്ചയാള്‍ക്ക് ശിക്ഷ: തിരുവനന്തപുരത്ത് ഓട്ടിസം ബാധിച്ച 14കാരനെ പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ 41കാരനായ പ്രതിക്ക് ശിക്ഷ വിധിച്ചു. ഏഴ് വര്‍ഷം കഠിന തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ. തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതിയുടേതാണ് വിധി.
പിഴത്തുക ആക്രമണത്തിന് ഇരയായ കുട്ടിക്ക് നല്‍കണം. 2013 സെപ്‌റ്റംബര്‍ 20നായിരുന്നു കേസിന് ആസ്‌പദമായ സംഭവം. ബസ് ഡ്രൈവറായ പ്രതി ഓട്ടം കഴിഞ്ഞ് വന്ന് ബസില്‍ ഇരിക്കുകയായിരുന്നു. മാലിന്യം കളയാനായി പുറത്തെത്തിയ കുട്ടിയെ ബലം പ്രയോഗിച്ച് ബസിനുള്ളിലേക്ക് കയറ്റി പീഡിപ്പിക്കുകയായിരുന്നു.