ഉന്നാവൊ: ഉത്തര്‍പ്രദേശിലെ ഉന്നാവൊയില്‍ വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയ രണ്ട് പെൺകുട്ടികളുടെ മൃതദേഹങ്ങളും ഇന്ന് സംസ്കാരിക്കും. പെൺകുട്ടികളുടെ മൃതദേഹങ്ങൾ വ്യാഴാഴ്ച രാത്രി കുടുംബങ്ങൾക്ക് കൈമാറി. കുടുംബത്തിന്‍റെ തീരുമാനപ്രകാരമാണ് വെള്ളിയാഴ്ച ശവസംസ്‌കാരം നടത്തുന്നതെന്നും പൊലീസില്‍ നിന്ന് ഇതിനായി യാതൊരു സമ്മര്‍ദവുമില്ലെന്നും ഉന്നാവോ പൊലീസ് സൂപ്രണ്ട് ആനന്ദ് കുൽക്കർണി പറഞ്ഞു.
ഉന്നാവൊ പെണ്‍കുട്ടികളുടെ മരണം; മൃതദേഹങ്ങള്‍ ഇന്ന് സംസ്കരിക്കും അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരെ ഗ്രാമത്തിൽ വിന്യസിച്ചിട്ടുണ്ട്. പോസ്റ്റ്‌മോർട്ടത്തിൽ പരിക്കേറ്റതിന്‍റെ അടയാളങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെങ്കിലും പെൺകുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് കൊലപാതക കുറ്റം ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സെക്ഷൻ 302, തെളിവുകൾ നശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 201 എന്നിവ എഫ്ഐആറില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്.
എന്നാല്‍ പെൺകുട്ടികളുടെ കുടുംബാംഗങ്ങളുടെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന് ഉന്നാവൊ എസ്പി ആനന്ദ് കുൽക്കർണി പറഞ്ഞു. അന്വേഷണത്തിനായി ആറ് പൊലീസ് ടീമുകളെ നിയോഗിച്ചിട്ടുണ്ടെന്നും മുതിർന്ന ഉദ്യോഗസ്ഥർ അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നുണ്ടെന്നും ഡയറക്ടർ ജനറൽ പൊലീസ് ഹിതേഷ് ചന്ദ്ര അവസ്തി വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം മരിച്ച പെണ്‍കുട്ടികള്‍ക്കൊപ്പമുണ്ടായിരുന്ന മൂന്നാമത്തെ കുട്ടി ഗുരുതരാവസ്ഥയില്‍ കാണ്‍പൂര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ബുധനാഴ്ച കന്നുകാലികൾക്ക് പുല്ലു തേടി പോയ മൂന്നു പെൺകുട്ടികളിൽ രണ്ടുപേരെ ഗോതമ്പ് പാടത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൂന്നാമത്തെ പെൺകുട്ടിയെ ബോധരഹിതയായ നിലയിലും കണ്ടെത്തി. എല്ലാവരുടെയും കൈയും കാലും കെട്ടിയിട്ട നിലയിലായിരുന്നു. മൂന്നുപേരുടെയും വായിൽനിന്ന് നുരയും പതയും വന്നിരുന്നു. പതിമൂന്നും പതിനാറും വയസുള്ള കുട്ടികളാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. കന്നുകാലികള്‍ക്ക് പുല്ല് തേടിപ്പോയ മൂവരും ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചുവരാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വനത്തിന് സമീപത്തുള്ള പാടത്ത് നിന്നും രണ്ട് പേരുടെ മൃതദേഹം കണ്ടെത്തിയത്. അസോഹ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്.