വേലായുധംപേട്ടി (തമിഴ്‌നാട്):വനത്തോട് ചേര്‍ന്ന് മേയ്ക്കാന്‍ വിടുന്ന കന്നുകാലികളുടെ കാഴ്‌ച നഷ്‌ടപ്പെടുന്നു, ആടുകളുടെ കുളമ്പുകളില്‍ മുറിവ്, ഗ്രാമങ്ങളില്‍ കോഴികളുടേയും ചെറിയ ജീവികളുടേയും ജഡം... ഒരു നാടിനെയാകെ ഭീതിയിലാക്കാൻ ഇതൊക്കെ തന്നെ ധാരാളം..
പ്രദേശവാസികളുടെ പ്രതികരണം തമിഴ്‌നാട്ടിലെ ദിണ്ഡിഗല്‍ ജില്ലയിലെ കരന്തമലയ്ക്ക് അടുത്തുള്ള ഗ്രാമങ്ങളിലാണ് ഭീതി നിറയുന്ന സംഭവങ്ങൾ. ആശങ്കയും ഭീതിയും അവസാനിക്കുന്നില്ലെങ്കിലും ഗ്രാമവാസികൾ അതിനുള്ള കാരണം കണ്ടെത്തി. വനത്തില്‍ മാത്രം കണ്ടുവരുന്ന പ്രത്യേക തരം ഉറുമ്പുകള്‍ കൂട്ടത്തോടെ ഗ്രാമത്തിലെത്തുകയാണ്. വനമേഖലയായ കരന്തമലയുടെ 100 കിലോമീറ്റർ ചുറ്റളവിലാണ് ഉറുമ്പുകളെ കണ്ടെത്തിയത്.
ഇവരാണ് ആ അപകടകാരികള്‍: ഏഷ്യ, ഓസ്‌ട്രേലിയ ഭൂഖണ്ഡങ്ങളില്‍ കണ്ടുവരുന്ന 'യെല്ലോ ക്രേസി' (Yellow Crazy Ants) ഉറുമ്പുകളാണിവയെന്ന് ഇക്കോളജിസ്റ്റും വന്യജീവി ഗവേഷകനും അധ്യാപകനുമായ അശോക് ചക്രവര്‍ത്തി പറയുന്നു. കടിക്കുന്നതിന്‍റെ തീവ്രതയുടെ അടിസ്ഥാനത്തില്‍ ലോകത്തിലെ ഏറ്റവും അപകടകാരികളായ 100 അധിനിവേശ ജീവജാലങ്ങളുടെ (Invasive Species) പട്ടികയില്‍ 'യെല്ലോ ക്രേസി' ഉറുമ്പുകളെ ഇന്‍റര്‍നാഷണല്‍ യൂണിയന്‍ ഫോണ്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ (IUCN) ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഏഴ് മില്ലിമീറ്റർ നീളമുള്ള ഉറുമ്പുകൾ കടിയ്ക്കുമ്പോള്‍ പുറത്തുവിടുന്ന ഫോർമിക് ആസിഡാണ് മൃഗങ്ങളിൽ അന്ധതയ്ക്ക് കാരണമാകുന്നത്. ഇവയുടെ കടിയേറ്റാൽ ത്വക്ക് രോഗങ്ങളുണ്ടാകാനുള്ള സാധ്യതയുണ്ട്. എല്ലാത്തരം പ്രാണികളെയും ഭക്ഷിക്കുന്ന ഇവ മൃതശരീരങ്ങളും ഭക്ഷണമാക്കാറുണ്ട്. ദിണ്ഡിഗല്‍ ജില്ലയിലെ കരന്തമലയില്‍ ഉറുമ്പുകളെ കണ്ടെത്തിയിട്ടുണ്ടെന്നും കീടനാശിനികൾ ഉപയോഗിച്ച് ഇവയെ നിയന്ത്രിക്കാനാകുമെങ്കിലും പരിസ്ഥിതിയ്ക്ക് ഇത് ദോഷം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മനുഷ്യനെ ഉപദ്രവിക്കില്ലെങ്കിലും മൃഗങ്ങളെ ഉപദ്രവിക്കുന്ന ഉറുമ്പുകളെ കുറിച്ച് പ്രദേശവാസികള്‍ വനംവകുപ്പിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ അധികൃതരുടെ ഭാഗത്ത് നിന്ന് നടപടികളുണ്ടാകാതായതോടെ പലരും ഗ്രാമം വിട്ടുവെന്ന് പ്രദേശവാസിയായ റാസു പറഞ്ഞു. അതേസമയം, സംഭവത്തെ കുറിച്ച് വിവരം ലഭിച്ചയുടന്‍ ഏതുതരം ഉറുമ്പുകളാണിവയെന്ന് കണ്ടെത്താനുള്ള ശാസ്‌ത്രീയ ഗവേഷണം ആരംഭിച്ചുവെന്ന് ജില്ല ഫോറസ്റ്റ് ഓഫിസർ പ്രഭു പറഞ്ഞു. ഗവേഷണത്തിന്‍റെ ഫലങ്ങള്‍ ലഭിക്കുന്നതിനനുസരിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also read: ഈ രുചി വേറെ ലെവലാണ്.. പുളിയുറുമ്പ് ചട്‌ണിയാകുന്ന (ഉറുമ്പ് ചട്‌ണി) ദൃശ്യവും കഥയും