ന്യൂഡല്‍ഹി :ലോകത്തെ അതിസമ്പന്നന്മാരില്‍ മുമ്പിലുള്ള ഗൗതം അദാനിയുടെ അധീനതയിലുള്ള അദാനി ഗ്രൂപ്പിനെതിരെയുള്ള ആരോപണങ്ങള്‍ പാര്‍ലമെന്‍റില്‍ ഉന്നയിക്കാന്‍ സിപിഎം. ഫെബ്രുവരി ഒന്നിന് ബജറ്റ് അവതരിപ്പിക്കുവാനായി ചേരുന്ന പാര്‍ലമെന്‍റ് സമ്മേളനത്തില്‍ വിഷയം ഉന്നയിക്കാനാണ് സിപിഎം ആലോചിക്കുന്നത്. ഓഹരി ക്രമക്കേട് നടന്നുവെന്ന് കാണിച്ച് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് രംഗത്തെത്തിയതിന് പിന്നാലെയാണ് അദാനി ഗ്രൂപ്പിനെതിരെയുള്ള ആരോപണങ്ങള്‍ ശക്തമാക്കാന്‍ സിപിഎം ശ്രമിക്കുന്നത്.
ബജറ്റിന് 'തീപിടിക്കും' : ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് അദാനിഗ്രൂപ്പിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ പരിശോധിക്കാന്‍ സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നാണ് സിപിഎമ്മിന്‍റെ ആവശ്യം. ഹൈക്കോടതികളിലേക്കും സുപ്രീം കോടതിയിലേക്കും ജഡ്ജിമാരെ നിയമിക്കുന്നതിലും, ബിജെപി ഇതര സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഗവർണർമാരുടെയും ലഫ്റ്റനന്‍റ് ഗവർണർമാരുടെയും പ്രവര്‍ത്തനങ്ങളില്‍ ഇടപെടല്‍ ആരോപിച്ചും കേന്ദ്രത്തിനെതിരെ സ്വരം കടുപ്പിക്കാനും ജനുവരി 28, 29 തീയതികളിലായി കൊല്‍ക്കത്തയില്‍ ചേര്‍ന്ന സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ തീരുമാനമായിട്ടുണ്ട്.
അടി, തിരിച്ചടി :അദാനി ഗ്രൂപ്പിനെതിരെ ഓഹരിയില്‍ കൃത്രിമത്വം കാണിച്ചുവെന്നതുള്‍പ്പടെ തെറ്റായ പ്രവര്‍ത്തനങ്ങള്‍ നടത്തി എന്ന ആരോപണമാണ് യു.എസ് ആസ്ഥാനമായുള്ള ഷോര്‍ട്ട് സെല്ലര്‍ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ഉയര്‍ത്തിയത്. എന്നാല്‍ ഇത് കാര്യമാക്കേണ്ടതില്ലെന്നും കള്ളമാണെന്നുമായിരുന്നു അദാനി ഗ്രൂപ്പിന്‍റെ വിശദീകരണം. ഇത് കേവലം ഒരു പ്രത്യേക കമ്പനിക്ക് നേരെയുള്ള അറിയാതെയുള്ള ആക്രമണമല്ലെന്നും മറിച്ച്, ഇന്ത്യൻ സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യം, സമഗ്രത, ഗുണനിലവാരം, കമ്പനിയുടെ വളര്‍ച്ച എന്നിവക്കെതിരെയുള്ള കരുതിക്കൂട്ടിയുള്ള ആക്രമണമാണെന്നും അദാനി ഗ്രൂപ്പ് ആരോപിച്ചിരുന്നു. എന്നാല്‍ ദേശീയവാദം കൊണ്ടോ, ആരോപണങ്ങളെ അവഗണിച്ചുള്ള വീര്‍പ്പുമുട്ടുന്ന പ്രതികരണങ്ങള്‍ കൊണ്ടോ ഒരു 'വഞ്ചന' അതല്ലാതാകുന്നില്ല എന്നായിരുന്നു ഇതിനോടുള്ള ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്‍റെ മറുപടി.