ന്യൂഡല്‍ഹി: രാജ്യത്തിന്‍റെ ഭരണഘടന സംരക്ഷിക്കാന്‍, വരുന്ന പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിൽ ബിജെപിയെ കേന്ദ്ര ഭരണത്തില്‍ നിന്നും താഴെയിറക്കേണ്ടതുണ്ടെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രതിപക്ഷ പാർട്ടികളുമായി ചർച്ചകൾ നടക്കുന്നുണ്ടെന്നും തെരഞ്ഞെടുപ്പിന് ശേഷമായിരിക്കും മുന്നണി രൂപീകരിക്കുകയെന്നും യെച്ചൂരി പറഞ്ഞു. ജെഡിയു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറുമായി ഡൽഹിയില്‍ ഇന്ന് നടന്ന കൂടിക്കാഴ്‌ചയ്ക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ALSO READ |വീണ്ടും അടുത്ത് 'പ്രതിപക്ഷ ഐക്യം'; രാഹുലും ഖാര്‍ഗെയുമായി കൂടിക്കാഴ്‌ച നടത്തി നിതീഷ് കുമാറും തേജസ്വി യാദവും
'പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾ വേഗത്തില്‍ നടക്കുകയാണ്. പ്രതിപക്ഷ സഖ്യം രൂപീകരിക്കുകയും സംസ്ഥാന തലത്തിൽ സീറ്റ് ക്രമീകരണം നടത്തുകയും ചെയ്യും. കേരളത്തിൽ കോൺഗ്രസും ഞങ്ങളുടെ പാർട്ടിയും ബദ്ധവൈരികളാണ്. ബിജെപി കേരളത്തില്‍ ചിത്രത്തിലേ ഇല്ല. മൂന്നാം മുന്നണിയെ തള്ളിക്കളയുന്നില്ല. 1996ൽ ഐക്യ മുന്നണി, 1998ൽ എൻഡിഎ, 2004ൽ യുപിഎ എന്നീ മുന്നണികള്‍ തെരഞ്ഞെടുപ്പിന് ശേഷമാണ് രൂപീകരിച്ചത്' - സിപിഎം നേതാവ് ഡല്‍ഹിയില്‍ വ്യക്തമാക്കി.
ഐക്യം ശക്തിപ്പെടുത്താനുള്ള ഓട്ടത്തില്‍ നിതീഷ് കുമാര്‍:2024ലെ പാര്‍ലമെന്‍റ് തെഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്താന്‍ ഡൽഹി ആസ്ഥാനമായുള്ള എല്ലാ രാഷ്‌ട്രീയ പാർട്ടികളുടെ നേതാക്കളെയും കാണുന്ന തിരക്കിലാണ് നിതീഷ് കുമാര്‍. ആംആദ്‌മി പാര്‍ട്ടി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പാര്‍ട്ടി മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സിപിഐ നേതാവ് ഡി രാജ എന്നീ നേതാക്കളുമായി നിതീഷ് കൂടിക്കാഴ്‌ച നടത്തി.
നിതീഷ് കുമാർ, ബിജെപി ഇതര പാർട്ടികളെ കൂട്ടിയോജിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുകയും മോദി സർക്കാരിനെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ പ്രതിപക്ഷത്തെ ഒന്നിപ്പിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.നിതീഷുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുല്‍. പ്രതിപക്ഷ മുന്നണി രൂപീകരിക്കുകയെന്ന ലക്ഷ്യത്തോടെ, ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന, ശരദ് പവാറിന്‍റെ എന്‍സിപി, ഷിബു സോറന്‍റെ ജാർഖണ്ഡ് മുക്തി മോർച്ച എന്നിവയുൾപ്പെടെയുള്ള പാര്‍ട്ടികളുമായി ചര്‍ച്ച നടത്താന്‍ കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്.
'മമതയേയും കെസിആറിനെയും ഐക്യമുന്നണിയില്‍ എത്തിക്കും':ബിജെപിയിൽ നിന്ന് അകലം പാലിക്കുന്ന എല്ലാ പാർട്ടികളെയും കൂട്ടിയോജിപ്പിക്കാനുള്ള ഉത്തരവാദിത്തം നിതീഷ് കുമാർ ഏറ്റെടുത്തിട്ടുണ്ട്. 'മോദി സർക്കാരിനെ പരാജയപ്പെടുത്താൻ ഞങ്ങൾ നിതീഷ് കുമാറിനൊപ്പം നില്‍ക്കും. വീണ്ടും കൂടിയാലോചനകള്‍ നടത്തും. ബിജെപിക്കെതിരെ പോരാടാൻ ആവശ്യമായ തന്ത്രങ്ങൾ ഞങ്ങള്‍ ചർച്ച ചെയ്യും' - കെജ്‌രിവാൾ പറഞ്ഞു. ഭാരത് രാഷ്‌ട്ര സമിതി നേതാവ് കെ ചന്ദ്രശേഖർ റാവു, തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി എന്നിവരെ കണ്ട് ചര്‍ച്ച നടത്താന്‍ നിതീഷിന് പദ്ധതിയുണ്ട്. ഈ രണ്ട് നേതാക്കളും നേരത്തെ കോൺഗ്രസുമായി കൈകോർക്കാൻ വിസമ്മതിച്ചിരുന്നു. അവരെ പ്രതിപക്ഷ മുന്നണിയിലേക്ക് കൊണ്ടുവരാൻ നിതീഷിന് കഴിയുമോയെന്ന് കണ്ടറിയണം.
ALSO READ |'ആം ആദ്‌മി' ഇനി ദേശീയ പാര്‍ട്ടി ; തൃണമൂലും, എന്‍സിപിയും, സിപിഐയും പുറത്ത്