ശ്രീനഗര്‍: ജമ്മു കശ്‌മീരില്‍ തെരഞ്ഞെടുപ്പ് വൈകുന്നതില്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി. വാഗ്‌ദാനം നല്‍കിയത് പോലെ എന്തുകൊണ്ട് ജമ്മു കശ്‌മീരില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടത്തുന്നില്ലെന്ന് തരിഗാമി ചോദിച്ചു. നിലവിലെ പ്രശ്‌നങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് ഒരു ശ്വാശ്വത പരിഹാരമല്ലെങ്കിലും തെരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാർ അധികാരത്തില്‍ വരുന്നത് നിലവിലെ സാഹചര്യത്തില്‍ ആശ്വാസമായിരിക്കുമെന്ന് തരിഗാമി പറഞ്ഞു.
'ജമ്മു കശ്‌മീരിൽ സാധാരണനില തിരിച്ചെത്തിയെന്നും മുന്‍പത്തെ തെറ്റുകള്‍ ശരികളായെന്നുമാണ് കേന്ദ്ര സർക്കാർ അവകാശവാദം ഉന്നയിക്കുന്നത്. പിന്നെ എന്തിനാണ് തെരഞ്ഞെടുപ്പ് വൈകിപ്പിക്കുന്നത്?,' തരിഗാമി ചോദിച്ചു. 'തെരഞ്ഞെടുപ്പിന് മുമ്പ് ഡീലിമിറ്റേഷൻ (നിയമസഭ, ലോക്‌സഭ മണ്ഡലങ്ങളുടെ അതിർത്തി നിർണയം) നടപടികൾ പൂർത്തിയാക്കണമെന്നായിരുന്നു ആദ്യം പറഞ്ഞ ന്യായം. അവരുടെ അജണ്ടയനുസരിച്ച് ഡിലിമിറ്റേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കാനായില്ല. അതുകൊണ്ടാണ് അവര്‍ തെരഞ്ഞെടുപ്പ് നടത്താത്തത്,' സിപിഎം നേതാവ് പറഞ്ഞു.
വിമര്‍ശനവുമായി ഒമര്‍ അബ്‌ദുള്ളയും:ജമ്മു കശ്‌മീരിൽ തെരഞ്ഞെടുപ്പ് നടത്തുന്നതിന് പുറമേ സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സഭയിൽ ഉറപ്പുനല്‍കിയിരുന്നു. തെരഞ്ഞെടുപ്പ് നടത്താൻ സർക്കാരിന് കഴിയുന്നില്ലെങ്കിൽ, അതിന്‍റെ കാരണങ്ങൾ ഇന്ത്യയിലെ ജനങ്ങളോട് പറയണമെന്നും തരിഗാമി ആവശ്യപ്പെട്ടു. ജമ്മു കശ്‌മീരില്‍ നിയമസഭ തെരഞ്ഞെടുപ്പ് വൈകുന്നതുമായി ബന്ധപ്പെട്ട് നാഷണൽ കോൺഫറൻസ് നേതാവും ജമ്മു കശ്‌മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്‌ദുള്ളയും കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാരിനെതിരെ രംഗത്തെത്തിയിരുന്നു.
ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷവും ഡീലിമിറ്റേഷൻ കമ്മിഷനിലൂടെ മണ്ഡലങ്ങളുടെ അതിർത്തി നിര്‍ണയം തെറ്റായി നടത്തിയതിന് ശേഷവും വോട്ടര്‍മാരെ നേരിടാന്‍ ബിജെപിക്ക് ധൈര്യമില്ലെന്ന് ഒമർ അബ്‌ദുള്ള ട്വിറ്ററിലൂടെ വിമര്‍ശിച്ചു. അതേസമയം, നവംബർ 25 ആണ് രാജ്യത്ത് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കാനുള്ള തീയതിയായി തെരഞ്ഞെടുപ്പ് കമ്മിഷൻ നിശ്ചയിച്ചിരിക്കുന്നത്. അതിനാല്‍ ഈ വർഷം ജമ്മു കശ്‌മീരിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാൻ സാധ്യതയില്ല.
Also read: 2022 ഓഗസ്റ്റ് 5: ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയിട്ട് 3 വർഷം