കേരളം

kerala

ETV Bharat / bharat

തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തുന്നത് ഭരണഘടന വിരുദ്ധം; കടുത്ത എതിർപ്പുമായി സിപിഎം - ഒരുമിച്ച് തെരഞ്ഞെടുപ്പ്

One Nation One Election : ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പദ്ധതി ജനാധിപത്യ വിരുദ്ധവും ഫെഡറൽ തത്വങ്ങളെ തള്ളുന്നതുമാണെന്ന് സിപിഎം. ഉന്നതതല സമിതിയുടെ ലക്ഷ്യവും അജണ്ടയും മുൻകൂട്ടി നിശ്ചയിക്കപ്പെട്ടതെന്നും സിപിഎം.

One Nation One Election  ഒരു തെരഞ്ഞെടുപ്പ്  ഒരുമിച്ച് തെരഞ്ഞെടുപ്പ്  CPM Against Central Govt
CPM Against One Nation One Election

By ETV Bharat Kerala Team

Published : Jan 7, 2024, 8:17 PM IST

ന്യൂഡൽഹി: കേന്ദ്രസർക്കാർ നടപ്പാക്കാനുദ്ദേശിക്കുന്ന ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പദ്ധതിയിൽ കടുത്ത എതിർപ്പുമായി സിപിഎം. സര്‍ക്കാര്‍ നീക്കം ജനാധിപത്യ വിരുദ്ധവും ഫെഡറൽ തത്വങ്ങളെ തള്ളുന്നതുമാണെന്ന് സിപിഎം വ്യക്തമാക്കി. ഉന്നതതല സമിതിയുടെ ലക്ഷ്യവും അജണ്ടയും മുൻകൂട്ടി നിശ്ചയിക്കപ്പെട്ടതാണെന്നും സിപിഎം വിമർശിച്ചു. (CPM Against One Nation One Election)

മുന്‍ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ ഉന്നതതല സമിതി വിഷയത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടേതടക്കമുള്ള പൊതുജനാഭിപ്രായം തേടിയിരുന്നു. ഇതിന് മറുപടിയായി നല്‍കിയ കത്തിലാണ് സിപിഎം കടുത്ത എതിര്‍പ്പ് പ്രകടമാക്കിയത്. 2018 ല്‍ തന്നെ പാര്‍ട്ടി തങ്ങളുടെ എതിര്‍പ്പ് രേഖാമൂലം ദേശീയ നിയമ കമ്മീഷനെ അറിയിച്ചതാണെന്നും ഉന്നതതല സമിതിക്കയച്ച കത്തിൽ സിപിഎം ചൂണ്ടിക്കാട്ടി. (CPM on One Nation One Election)

തെരഞ്ഞെടുപ്പുകൾ ഒന്നിച്ച് നടത്തുന്നതിനെതിരായ തങ്ങളുടെ വാദം കേവലം സാങ്കേതികം മാത്രമല്ലെന്നും, അത് അപ്രായോഗികമാണെന്നും 2018 ൽ നിയമ കമ്മീഷനയച്ച കത്തിൽ പാർട്ടി വ്യക്തമാക്കിയിരുന്നു. ഈ നീക്കം അടിസ്ഥാനപരമായി ജനാധിപത്യ വിരുദ്ധമാണ്. അത് ഭരണഘടന അനുശാസിക്കുന്ന പാർലമെന്‍റെറി ജനാധിപത്യ വ്യവസ്ഥയുടെ അടിവേരിളക്കുന്നതാണെന്നും സിപിഎം ആരോപിച്ചിരുന്നു.

അഭിപ്രായം തേടി പത്ര പരസ്യം: കഴിഞ്ഞ ദിവസമാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പദ്ധതിയെ കുറിച്ച് പൊതുജനാഭിപ്രായം തേടി ഉന്നതതല സമിതി പത്രങ്ങളിൽ പരസ്യം നൽകിയത്. ഈ മാസം 15നകം അഭിപ്രായങ്ങൾ അറിയിക്കണം എന്നായിരുന്നു പ്രാദേശിക പത്രങ്ങളില്‍ വന്ന പരസ്യം. ഒന്നിച്ച് തെരഞ്ഞെടുപ്പ് നടത്തുമ്പോള്‍ ഏതെല്ലാം വിധത്തിലുള്ള മാറ്റങ്ങൾ വരുത്തണം എന്നതിലാണ് നിര്‍ദ്ദേശങ്ങള്‍ തേടിയത്. ലഭിക്കുന്ന നിര്‍ദ്ദേശങ്ങൾ സമിതിക്ക് കൈമാറുമെന്നും പരസ്യത്തിൽ പറയുന്നു. നിയമ മന്ത്രാലയം നിയമിച്ച ഉന്നതതല സമിതി സെക്രട്ടറിയുടെ പേരിലാണ് പരസ്യം വന്നത്.

Also Read:വിവിപാറ്റില്‍ ഇന്ത്യാ മുന്നണിയുടെ ആശങ്ക തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ച് ജയറാം രമേഷ്

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് :ലോക്‌സഭയിലേക്കും രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളിലെയും നിയമസഭയിലേക്കുമുള്ള തെരഞ്ഞടുപ്പ് ഒന്നിച്ച് നടത്താനുള്ള പദ്ധതിയാണ് 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്'. ഇത്തരത്തില്‍ നടത്തുന്ന തെരഞ്ഞെടുപ്പ് ഒരു ദിവസം കൊണ്ടോ അല്ലെങ്കില്‍ ഒരു നിശ്ചിത സമയ പരിധിക്കുള്ളിലോ നടത്തുകയെന്നതാണ് ലക്ഷ്യം. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പാക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നിരന്തരം സമ്മര്‍ദം ചെലുത്തുന്നുണ്ട്. വിവിധയിടങ്ങളിലായി പല സമയങ്ങളിലായുണ്ടാകുന്ന തെരഞ്ഞെടുപ്പുകള്‍ വളരെയധികം സാമ്പത്തിക ചെലവുകള്‍ ഉണ്ടാക്കുന്നുണ്ട്. ഇത്തരം ചെലവുകള്‍ ഇല്ലാതാക്കുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ABOUT THE AUTHOR

...view details