എറണാകുളം:ഐഐടികള്‍ ഉള്‍പ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിന്ദിയെ അധ്യാപന മാധ്യമമായി ഉപയോഗിക്കാന്‍ നിര്‍ദേശിക്കുന്ന പാര്‍ലമെന്‍റ് ഔദ്യോഗിക ഭാഷ കമ്മറ്റിയുടെ നിര്‍ദേശത്തെ എതിര്‍ത്ത് സിപിഎം. കമ്മറ്റിയുടെ നിര്‍ദേശം ഭരണഘടന കാഴ്‌ചപ്പാടിനും രാജ്യത്തെ ഭാഷാപരമായ വൈവിധ്യത്തിനും എതിരാണെന്ന് സിപിഎം വ്യക്തമാക്കി.
ഹിന്ദി സംസാരിക്കുന്ന മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപന മാധ്യമം ഹിന്ദിയും അല്ലാത്ത മേഖലകളില്‍ ഇത് അതത് സംസ്ഥാനങ്ങളിലെ ഭാഷയുമായിരിക്കണമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ തലവനായുള്ള കമ്മറ്റി ശുപാര്‍ശ ചെയ്‌തത്. അധ്യാപന ഭാഷ ഇംഗ്ലീഷ് എന്നത് ഐച്ഛികമാക്കണമെന്നും കമ്മറ്റി ശുപാര്‍ശ ചെയ്‌തു.
ഒരു രാജ്യം, ഒരു ഭാഷ, ഒരു സംസ്‌കാരം എന്ന ആര്‍എസ്എസ് ചിന്താഗതിയില്‍ നിന്നാണ് ഇത്തരത്തിലുള്ള ഉദ്യമം സര്‍ക്കാറിന്‍റ ഭാഗത്ത് നിന്നുണ്ടാകുന്നതെന്ന് സിപിഎം ട്വിറ്ററില്‍ കുറിച്ചു. രാജ്യത്തിന്‍റെ വൈവിധ്യം ബിജെപി അംഗീകരിക്കുന്നില്ലെന്ന് മുതിര്‍ന്ന സിപിഎം നേതാവ് ടിഎം തോമസ് ഐസക് പ്രതികരിച്ചു. കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗങ്ങള്‍ക്ക് ഹിന്ദി അറിയണമെന്ന നിര്‍ബന്ധത്തിന്‍റെ ഭാഗമായി മല്‍സരപരീക്ഷകള്‍ ഹിന്ദിയില്‍ മാത്രമായി നടത്താന്‍ ബിജെപി സര്‍ക്കാര്‍ തീരുമാനമെടുക്കുന്നത് ഇത്തരമൊരു ചിന്താഗതിയുടെ ഭാഗമായാണെന്ന് അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ ഉദ്യോഗങ്ങള്‍ക്കായുള്ള പരീക്ഷകളില്‍ ഇംഗ്ലീഷ് ഭാഷയിലുള്ള നിര്‍ബന്ധ ചോദ്യ പേപ്പറുകള്‍ ഒഴിവാക്കുക. ഹിന്ദി ഭാഷ സംസാരിക്കുന്ന സംസ്ഥാനങ്ങളില്‍ ഹൈക്കോടതി ഉത്തരവുകള്‍ ഹിന്ദി ഭാഷയില്‍ തര്‍ജ്ജമ ചെയ്യുക എന്നിവയും കമ്മറ്റിയുടെ 100 നിര്‍ദേശങ്ങളില്‍ ചിലതാണ്.
ഹിന്ദി, ഹിന്ദു, ഹിന്ദുസ്ഥാന്‍ എന്ന ആര്‍എസ്എസ് വീക്ഷണം അംഗീകരിക്കാനാവില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചുരി പറഞ്ഞു. ഭരണഘടനയുടെ എട്ടാം പട്ടികയില്‍ ഉള്‍പ്പെടുത്തിയ 22 ഔദ്യോഗിക ഭാഷകളെയും ഒരേപോലെ പരിഗണിച്ച് പ്രോത്സാഹിപ്പിക്കണം. ഇന്ത്യ അതിന്‍റെ വൈവിധ്യങ്ങളുടെ ആഘോഷമാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
ഔദ്യോഗിക ഭാഷ കമ്മറ്റിയുടെ ശുപാര്‍ശകളെ ഇടത് വിദ്യാര്‍ഥി സംഘടനയായ എസ്‌എഫ്‌ഐ നിശിത ഭാഷയില്‍ വിമര്‍ശിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ഉദ്യോഗ പരീക്ഷകളിലും ഹിന്ദി നിര്‍ബന്ധിതമാക്കാന്‍ ആഗ്രഹിക്കുകയാണ് അമിത് ഷാ തലവനായ പാര്‍ലമെന്‍റ് ഔദ്യോഗിക ഭാഷ കമ്മറ്റിയെന്ന് എസ് എഫ് ഐ ദേശീയ അധ്യക്ഷന്‍ വിപി സാനു പ്രതികരിച്ചു. ഇന്ത്യയുടെ ബഹുസ്വരതയെ അവര്‍ കരുതികൂട്ടി തള്ളിക്കളയുകയാണ്. ഇന്ത്യയുടെ ഐക്യം അതിന്‍റെ നാനാത്വത്തില്‍ ആണെന്നത് അവഗണിക്കുകയാണ്. ഇതിന്‍റെ കാരണമെന്താണെന്ന് എല്ലാവര്‍ക്കും അറിയാം എന്നും വിപി സാനു പ്രതികരിച്ചു.
ഹിന്ദി ഭാഷയുടെ അടിസ്ഥാനത്തില്‍ വര്‍ഗീകരണം:എല്ലാ സംസ്ഥാനങ്ങളിലും തദ്ദേശീയ ഭാഷകള്‍ക്ക് ഇംഗ്ലീഷിനേക്കാള്‍ പ്രാധാന്യം നല്‍കണമെന്നും രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവിന് സമര്‍പ്പിച്ച ഔദ്യോഗിക ഭാഷ കമ്മറ്റിയുടെ 11-ാം റിപ്പോര്‍ട്ടില്‍ ശുപാര്‍ശ നല്‍കി. ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ കൂടി അടിസ്ഥാനത്തിലാണ് കമ്മറ്റി ഈ നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ചത്.
ഹിന്ദി ഭാഷ ഉപയോഗത്തിന്‍റെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളേയും കേന്ദ്ര ഭരണ പ്രദേശങ്ങളേയും എ, ബി, സി എന്നിങ്ങനെ വര്‍ഗീകരിച്ചാണ് കമ്മറ്റി നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചത്. ഉത്തര്‍പ്രദേശ്, ബിഹാര്‍, മധ്യപ്രദേശ്, ഛത്തീസ്‌ഗഡ്, ഉത്തരാഖണ്ഡ്, ജാര്‍ഖണ്ഡ്, ഹരിയാന, ഹിമാചല്‍ പ്രദേശ്, രാജസ്ഥാന്‍, ഡല്‍ഹി, ആന്‍ഡമന്‍ നിക്കോബാര്‍ എന്നിവ ഹിന്ദി ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന സ്ഥലങ്ങള്‍ എന്ന നിലയില്‍ എ വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഗുജറാത്ത്, മഹാരാഷ്‌ട്ര, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളെയും ചണ്ഡീഗഡ്, ദമന്‍ ആന്‍ഡ് ദിയു, ദാദ്ര ആന്‍ഡ് നാഗര്‍ ഹവേലി എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളെ ബി വിഭാഗത്തിലും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളേയും കേന്ദ്ര ഭരണ പ്രദേശങ്ങളേയും സി വിഭാഗത്തിലുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. എ വിഭാഗം സംസ്ഥാനങ്ങളില്‍ ഹിന്ദിക്ക് ബഹുമാനപുരസരമായ സ്ഥാനം നല്‍കണമെന്നും ഈ സംസ്ഥാനങ്ങളില്‍ ഹിന്ദി നൂറ് ശതമാനം ഉപയോഗിക്കണമെന്നും കമ്മറ്റി നിര്‍ദേശിക്കുന്നു.
സരളമായ ഭാഷ ഉപയോഗിക്കണം:ഹിന്ദി സംസാരിക്കുന്ന മേഖലകളില്‍ ജോലി ചെയ്യുന്ന കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അവരുടെ ഭരണ നിര്‍വഹണത്തില്‍ ഹിന്ദി ഉപയോഗിച്ചില്ലെങ്കില്‍ അവര്‍ക്ക് താക്കീത് നല്‍കണമെന്നും താക്കീത് നല്‍കിയിട്ടും ഹിന്ദി ഭാഷ ഉപയോഗിക്കാത്തത് തുടരുകയാണെങ്കില്‍ അവരുടെ വാര്‍ഷിക പ്രവര്‍ത്തന അവലോകന റിപ്പോര്‍ട്ടില്‍ ഈ കാര്യം ഉള്‍പ്പെടുത്തണമെന്നും പാര്‍ലമെന്‍ററി കമ്മറ്റി ശുപാര്‍ശ ചെയ്യുന്നു.
കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകളുടെയും മന്ത്രാലയങ്ങളുടെയും ആശയവിനിമയം ഹിന്ദിയിലോ തദ്ദേശ ഭാഷയിലോ ആയിരിക്കണം. കേന്ദ്ര സര്‍ക്കാറിന്‍റെ വ്യവഹാരങ്ങളിലും, ക്ഷണക്കത്തിലും, ഉദ്യോഗസ്ഥരുടെ പ്രസംഗങ്ങളിലും വളരെ സരളമായ ഭാഷ ഉപയോഗിക്കണം. കേന്ദ്ര സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ ഹിന്ദിയോ മറ്റ് പ്രാദേശിക ഭാഷകളോ ഉപയോഗിക്കണമെന്നും പാര്‍ലമെന്‍റ് കമ്മിറ്റിയുടെ ശുപാര്‍ശകളില്‍ ഉള്‍പ്പെടുന്നു.