അഗര്‍ത്തല: വരാനിരിക്കുന്ന ത്രിപുര നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ താഴെയിറക്കാന്‍ കോണ്‍ഗ്രസ്-സിപിഎം സഖ്യം. എഐസിസി ജനറൽ സെക്രട്ടറി അജോയ് കുമാർ, സിപിഎം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരിയുമായി നടത്തിയ ചർച്ചയ്ക്കു ശേഷമാണ് പ്രഖ്യാപനം നടത്തിയത്. 60 നിയോജക മണ്ഡലങ്ങളുള്ള ത്രിപുരയിലെ 2023 തെരഞ്ഞെടുപ്പ് മാര്‍ച്ചിലാണ് നടക്കുക.
സഖ്യരൂപീകരണത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്കായി എഐസിസി ജനറൽ സെക്രട്ടറിയും സിപിഎം സംസ്ഥാന സെക്രട്ടറിയും ഇന്നലെയാണ് കൂടികാഴ്‌ച നടത്തിയത്. ഇടതുമുന്നണി കണ്‍വീനര്‍ നരായണന്‍ കറുമും യോഗത്തില്‍ പങ്കെടുത്തിരുന്നു. കോണ്‍ഗ്രസ് നേതാവ് അജോയ് കുമാര്‍ അഗര്‍ത്തലയിലെ സിപിഎം പാര്‍ട്ടി ആസ്ഥാനത്തെത്ത് നേരിട്ടെത്തിയാണ് ഇടത് നേതാക്കളുമായി ചര്‍ച്ച നടത്തിയത്.
തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതിനും സീറ്റ് വിഭജനം ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ തീരുമാനമെടുക്കുന്നതിനുമായി സംസ്ഥാന കോണ്‍ഗ്രസ് നേതാക്കൾ സിപിഎം നേതാക്കളുമായി ചര്‍ച്ച നടത്തുമെന്ന് അജോയ് കുമാര്‍ അറിയിച്ചു. സീറ്റുകളുടെ എണ്ണമല്ല പ്രധാനമെന്നും സംഘപരിവാര്‍ പാര്‍ട്ടിയുടെ പരാജയമാണ് പ്രധാന അജണ്ടയെന്നും എഐസിസി ജനറല്‍ സെക്രട്ടറിയുമായുള്ള കൂടികാഴ്‌ചയ്‌ക്ക് ശേഷം ജിതേന്ദ്ര ചൗധരി വ്യക്തമാക്കി.
ജനങ്ങളുടെ ആഗ്രഹം ബിജെപിയെ പരാജയപ്പെടുത്തണമെന്നാണ്. അത് നിറവേറ്റാനുള്ള ചര്‍ച്ചകള്‍ സിപിഎമ്മും കോണ്‍ഗ്രസും തുറന്ന മനസോടെ തന്നെ ആരംഭിച്ചിട്ടുണ്ടെന്നും ജിതേന്ദ്ര ചൗധരി കൂട്ടിച്ചേര്‍ത്തു. ഗോത്രവര്‍ഗ പാര്‍ട്ടിയായ തിപ്രയുമായി ധാരണയുണ്ടാക്കാനുള്ള നീക്കങ്ങളും സിപിഎം നടത്തുന്നുണ്ടെന്നും ജിതേന്ദ്ര ചൗധരി പറഞ്ഞു.
തിരിച്ചടിച്ച് ബിജെപി: 'സംസ്ഥാനത്ത് കോണ്‍ഗ്രസും സിപിഎമ്മും നേരത്തെ രഹസ്യമായി ബന്ധം പുലര്‍ത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് പരസ്യമായി. കോണ്‍ഗ്രസുമായുള്ള ധാരണ മൂലമാണ് സിപിഎം വളരെയേറെക്കാലം ത്രിപുരയില്‍ ഭരണകക്ഷിയായി തുടര്‍ന്നത്' എന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് റജിബ് ഭട്ടാചാര്യ പറഞ്ഞു.
ത്രിപുരയില്‍ 25 വര്‍ഷം തുര്‍ച്ചായി അധികാരത്തിലിരുന്ന സിപിഎം 2018ലാണ് ബിജെപിയോട് പരാജയപ്പെട്ടത്. സിപിഎം ഭരണത്തിലിരുന്ന കാലത്തെല്ലാം കോണ്‍ഗ്രസായിരുന്നു സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷം. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ഇരു പാര്‍ട്ടികളും ഒരുമിച്ച് മത്സരിക്കുന്നത് സംസ്ഥാനത്തിന്‍റെ രാഷ്‌ട്രീയ സാഹചര്യത്തില്‍ വന്ന മാറ്റമായാണ് വിലയിരുത്തല്‍.
40 നിയോജക മണ്ഡലങ്ങളുള്ള ത്രിപുരയില്‍ 2018ല്‍ 20 സീറ്റുകളുടെ വ്യത്യാസത്തിലാണ് സിപിഎമ്മിന് ബിജെപിയോട് ഭരണം നഷ്‌ടപ്പെട്ടത്. പക്ഷെ ഇരു പാര്‍ട്ടികളും തമ്മില്‍ വോട്ടുവിഹിതത്തില്‍ ഒരു ശതമാനത്തിന്‍റെ വ്യത്യാസമായിരുന്നു ഉണ്ടായിരുന്നത്. കോണ്‍ഗ്രസിനൊപ്പം തിപ്ര മോത്തയും സഹകരിച്ചാല്‍ നഷ്‌ടപ്പെട്ട ഭരണം തിരിച്ചുപിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാനത്തെ സിപിഎം പാര്‍ട്ടി നേതൃത്വം.