ന്യൂഡൽഹി :15 മുതൽ 18 വയസ് വരെ പ്രായമുള്ളവരിലെ കൊവിഡ് വ്യാപനത്തിനെതിരെ വാക്സിനേഷൻ നൽകുന്നതിനുള്ള രജിസ്ട്രേഷൻ ശനിയാഴ്ച (2022 ജനുവരി 1) മുതൽ കൊവിൻ (Co-WIN) പോർട്ടലിൽ ആരംഭിച്ചു.
കൗമാരക്കാർക്കുള്ള വാക്സിനേഷൻ പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി ക്രിസ്‌മസ് ദിനത്തിൽ നടത്തിയതിന് പിന്നാലെയാണ് രജിസ്ട്രേഷൻ ആരംഭിച്ചതായി ആരോഗ്യമന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചത്.
15 മുതൽ 18 വയസ് വരെയുള്ളവരുടെ വാക്സിനേഷൻ തിങ്കളാഴ്ച മുതൽ ആരംഭിക്കും. കൂടാതെ ദുർബല വിഭാഗങ്ങൾക്കുള്ള മുൻകരുതലായി മൂന്നാം ഡോസ് നൽകുന്നത് 2022 ജനുവരി 10 മുതൽ ആരംഭിക്കുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
ALSO READ:കൊവാക്‌സിൻ കുട്ടികളിൽ സുരക്ഷിതമെന്ന് ഭാരത് ബയോടെക്; കണ്ടെത്തൽ ക്ലിനിക്കൽ പരീക്ഷണങ്ങൾക്കൊടുവിൽ
അതേസമയം 15 മുതൽ 18 വയസ് വരെയുള്ളവർക്ക് കൊവാക്സിൻ മാത്രമേ നൽകാവൂ എന്നും അടുത്ത ദിവസങ്ങളിലായി എല്ലാ സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും കൊവാക്സിന്‍റെ അധിക ഡോസുകൾ അയയ്ക്കുമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി വ്യക്തമാക്കി. വാക്സിൻ കുട്ടികളിലും കൗമാരക്കാരിലും സുരക്ഷിതമെന്ന് വാക്സിൻ നിർമാണ കമ്പനിയായ ഭാരത് ബയോടെക് നേരത്തേ അവകാശപ്പെട്ടിരുന്നു.
ഈ പ്രായപരിധിയിലുള്ളവർ വാക്സിൻ സ്വീകരിക്കുന്നതിനായി ജനുവരി ഒന്നുമുതൽ കൊവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയോ അല്ലെങ്കിൽ വാക്സിനേഷൻ ആരംഭിക്കുന്ന ജനുവരി മൂന്ന് മുതൽ നേരിട്ട് രജിസ്ട്രേഷൻ നടത്തുകയോ ചെയ്യാം.
2007ലോ അതിനുമുമ്പോ ജനിച്ചവരാണ് ഈ വിഭാഗത്തിന് കീഴിൽ വാക്സിനേഷന് അർഹതയുള്ളവർ. വാക്സിനേഷൻ സംബന്ധിച്ച എല്ലാ മാനദണ്ഡങ്ങളും ഈ വിഭാഗക്കാരും പാലിക്കേണ്ടതുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.