ബറേലി (യുപി):പതിറ്റാണ്ടുകളായി അത്ഭുത മരുന്നെന്ന് കൊട്ടിഘോഷിക്കപ്പെടുന്ന ഗോമൂത്രത്തിൽ മനുഷ്യ ശരീരത്തിന് ഹാനികരമായ ബാക്‌ടീരിയകൾ അടങ്ങിയിരിക്കുന്നതായി പഠനം. ബറേലി ആസ്ഥാനമായ ഇന്ത്യൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ (IVRI) പഠന റിപ്പോർട്ടിലാണ് ഗോമൂത്രത്തിൽ ആരോഗ്യത്തിന് ദോഷകരമായ നിരവധി ബാക്‌ടീരിയകൾ അടങ്ങിട്ടുണ്ടെന്നും അത് കുടിക്കുക വഴി നിരവധി ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകുമെന്നും ഉള്ള കണ്ടെത്തല്‍.
ഐവിആർഐയിലെ എപിഡെമിയോളജി വിഭാഗം മേധാവിയായ ഭോജ് രാജ് സിങും മൂന്ന് പിഎച്ച്‌ഡി വിദ്യാർഥികളുമാണ് ഗവേഷണത്തിന് നേതൃത്വം നൽകിയത്. ഗവേഷണത്തിൽ ആരോഗ്യമുള്ള പശുക്കളുടെയും കാളകളുടെയും മൂത്ര സാമ്പിളുകളിൽ കുറഞ്ഞത് 14 തരം ഹാനീകരമായ ബാക്‌ടീരികളെങ്കിലും ഉള്ളതായി കണ്ടെത്തി. ഗുരുതരമായ ഉദര രോഗങ്ങൾക്ക് കാരണമായേക്കാവുന്ന എസ്ഷെറിച്ചിയ കോളി ബാക്‌ടീരിയയുടെ സാന്നിധ്യമാണ് ഇതിൽ കൂടുതലായും കണ്ടെത്തിയത്.
മനുഷ്യന്‍റെ മൂത്രവും എരുമയുടെ മൂത്രവും പഠനത്തിനായി എടുത്തിരുന്നു. ഇതേസമയം എരുമയുടെ മൂത്രം ചില ബാക്‌ടീരിയകൾക്കെതിരെ ഫലപ്രദമാണെന്നും പഠനത്തിൽ വ്യക്‌തമായതായി ഭോജ് രാജ് സിങ്ങ് പറഞ്ഞു. 'പശു, എരുമകൾ, മനുഷ്യർ എന്നിങ്ങനെയുള്ള 73 മൂത്ര സാമ്പിളുകളാണ് പഠനത്തിനായി എടുത്തത്. എരുമയുടെ മൂത്രത്തിലെ ആന്‍റി ബാക്‌ടീരിയൽ പ്രവർത്തനം പശുക്കളെക്കാൾ മികച്ചതാണ്. എരുമയുടെ മൂത്രം ചില ബാക്‌ടീരിയകൾക്കെതിരെ ഫലപ്രദമാണ്.
പഠനത്തിനായി ഞങ്ങൾ പ്രദേശിക ഡയറി ഫാമുകളിൽ നിന്ന് മൂന്ന് തരം പശുക്കളുടെ മൂത്ര സാമ്പിളുകളാണ് ശേഖരിച്ചത്. കൂടാതെ എരുമയുടെയും മനുഷ്യന്‍റെയും മൂത്ര സാമ്പിളുകളും ശേഖരിച്ചിരുന്നു. 2022 ജൂണ്‍ മുതൽ നവംബർ വരെയുള്ള കാലയളവിലാണ് പഠനം നടത്തിയത്. ആരോഗ്യവാൻമാരായ വ്യക്‌തികളുടെ മൂത്രത്തിൽ രോഗകാരികളായ ബാക്‌ടീരിയകളുടെ സാന്നിധ്യവും ഞങ്ങൾ കണ്ടെത്തിയിരുന്നു' -ഭോജ് രാജ് സിങ്ങ് പറഞ്ഞു.