സംഭാൽ (ഉത്തര്‍ പ്രദേശ്) : പശുക്കളെ കുറിച്ചും ചാണകത്തെക്കുറിച്ചും വിചിത്രമായ അഭിപ്രായപ്രകടനം നടത്തി വാര്‍ത്തയില്‍ നിറയാറുള്ളവരാണ് ഉത്തര്‍ പ്രദേശിലെ മന്ത്രിമാര്‍. ഇപ്പോഴിതാ ഫെബ്രുവരി 14 പശുക്കളെ ആലിംഗനം ചെയ്യാനുള്ള 'കൗ ഹഗ് ഡേ'യായി ആഘോഷിക്കണമെന്നുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ ഉത്തരവില്‍ വിവാദം കനക്കുമ്പോള്‍ മികച്ച പിന്തുണയുമായെത്തിയിരിക്കുകയാണ് യു.പി മൃഗസംരക്ഷണ വകുപ്പ് മന്ത്രി ധരംപാല്‍ സിങ്. കമിതാക്കളുടെ ദിനത്തില്‍ പശുവിനെ ആലിംഗനം ചെയ്യണമെന്ന ഉത്തരവില്‍ ഒരുപടി കൂടി കടന്ന് ഗോശാലയിലെത്തി പശുവിനെ ആരാധിക്കണമെന്നായിരുന്നു ധരംപാല്‍ സിങ്ങിന്‍റെ പ്രതികരണം.
'ആരാധന' തന്നെ വേണം :ഗോമൂത്രത്തില്‍ ഗംഗാദേവി കുടികൊള്ളുന്നു. പശുവിന്‍റെ ചാണകത്തില്‍ ലക്ഷ്‌മിയും കുടിയിരിക്കുന്നു. അതുകൊണ്ടുതന്നെ വാലന്‍റൈന്‍സ് ദിനത്തില്‍ പശുത്തൊഴുത്തിലെത്തി പശുവിനെ ആലിംഗനം ചെയ്യുകയും അവയെ ആരാധിക്കുകയും വേണമെന്ന് ധരംപാല്‍ സിങ് ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷം പിഡബ്ല്യുഡി ഗസ്‌റ്റ് ഹൗസില്‍ വച്ച് മാധ്യമങ്ങളോട് പ്രതികരിച്ചു. വെറുതെ ആലിംഗനം ചെയ്‌ത് മടങ്ങുന്നതിന് പകരം അവയെ എന്തെങ്കിലും തീറ്റിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
കര്‍ഷകരാണ് എല്ലാം: അതേസമയം അലഞ്ഞുതിരിയുന്ന കന്നുകാലികൾ മൂലം കർഷകർ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് നരേന്ദ്രമോദി സര്‍ക്കാര്‍ കര്‍ഷകര്‍ക്കായി നടപ്പിലാക്കുന്ന പദ്ധതികളെ വിവരിച്ചായിരുന്നു മന്ത്രി ധരംപാല്‍ സിങ്ങിന്‍റെ മറുപടി. ബിജെപി സർക്കാർ കർഷകരുടെ താൽപര്യങ്ങളെക്കുറിച്ച് മാത്രമാണ് സംസാരിക്കുന്നത്. കർഷകൻ സന്തോഷവാനാണെങ്കിൽ എല്ലാവർക്കും സന്തോഷമുണ്ട്. കര്‍ഷകര്‍ ദുഃഖിതരാണെങ്കിൽ എല്ലാവരും ദുഃഖിതരായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി ശ്രീധാന്യങ്ങളെക്കുറിച്ച് മുമ്പേ ചര്‍ച്ച ചെയ്‌തിരുന്നുവെന്ന് പറഞ്ഞ അദ്ദേഹം കര്‍ഷകര്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന പ്രവര്‍ത്തനം നടന്നത് മോദി സര്‍ക്കാരിന്‍റെ കാലത്ത് മാത്രമാണെന്നും അഭിപ്രായപ്പെട്ടു.
ചരിത്രം വഴി'മാറുമ്പോള്‍':എന്നാല്‍ അദാനിയെ രക്ഷിക്കുകയാണെന്ന പ്രതിപക്ഷ ആരോപണത്തില്‍ പ്രതികരിക്കാന്‍ മടിച്ച ധരംപാല്‍ സിങ് കോണ്‍ഗ്രസിനെതിരെ വിമര്‍ശനമുന്നയിക്കാന്‍ മറന്നില്ല.ആദ്യം പ്രധാനമന്ത്രിയാകുമ്പോള്‍ തന്നെ മോദി കോണ്‍ഗ്രസ് മുക്ത ഭാരതത്തെക്കുറിച്ചാണ് സംസാരിച്ചത്. കാരണം എല്ലാ മതവിഭാഗങ്ങളും രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിനായി പൊരുതിയാണ് രാജ്യം സ്വതന്ത്രമായത്. എന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടി ബ്രിട്ടീഷുകാരുടെ ബി ടീമായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. അതുകൊണ്ടാണ് ബ്രിട്ടീഷുകാരുടെ കരങ്ങളില്‍ നിന്നും ഇന്ത്യയെ പൂര്‍ണമായും സ്വതന്ത്രമാക്കാന്‍ ഭാരതം കോണ്‍ഗ്രസ് മുക്തമാകണമെന്ന് മോദി പറഞ്ഞതെന്ന വിചിത്ര വാദവും അദ്ദേഹം ഉന്നയിച്ചു.
'സന്ന്യാസി'മാരുടെ രാജ്യം: രാഹുല്‍ ഗാന്ധി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ മുമ്പ് ഗുണ്ട എന്നു വിളിച്ചതിലും മന്ത്രി ധരംപാല്‍ സിങ് പ്രതികരിച്ചു. രാജ്യത്തിന് നല്ല വഴി കാണിക്കുന്ന ജോലിയാണ് സന്യാസിമാർ ചെയ്‌തത്. മാത്രമല്ല കാര്‍ഷികവൃത്തിയും ആത്മീയതയുമായി ബന്ധപ്പെട്ടും നമ്മുടെ രാജ്യത്ത് രണ്ട് സംവിധാനങ്ങളാണുള്ളത്. ഇതില്‍ കര്‍ഷകന്‍ ആഹാരം ഉത്പാദിപ്പിച്ച് നമ്മുടെ ജീവിതത്തെ മുന്നോട്ടുനയിക്കുന്നുവെന്നും ജ്ഞാനികള്‍ അറിവ് പകര്‍ന്ന് പോകുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടുതന്നെ താന്‍ എന്താണ് പറഞ്ഞതെന്നതിനെക്കുറിച്ച് രാഹുല്‍ ഗാന്ധിക്ക് തന്നെ കാര്യമായി പിടിയില്ലെന്നും അദ്ദേഹം പരിഹസിച്ചു.
ബുള്‍ഡോസര്‍ ഇറക്കും:വഖഫ് സ്വത്തുക്കള്‍ കൈയ്യേറുന്നവരെ തുരത്താന്‍ ബുള്‍ഡോസറെത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആനന്ദകരമായി രാഷ്‌ട്രീയം മുന്നോട്ടുകൊണ്ടുപോകുന്നവരല്ല ബിജെപിക്കാര്‍. രാജ്യത്തിന്‍റെ കെട്ടുറപ്പിനുള്ള രാഷ്‌ട്രീയമാണ് ബിജെപി മുന്നോട്ടുവയ്ക്കുന്നത്. വഖഫ് ബോർഡിലെ ചിലര്‍ അതിന്‍റെ സ്വത്തുക്കള്‍ കൈയ്യേറിയിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇവയെല്ലാം കമ്പ്യൂട്ടര്‍വല്‍ക്കരിക്കാനാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്. ഇത്തരത്തില്‍ വഖഫ് സ്വത്തുക്കള്‍ കൈയേറിയവര്‍ക്ക് അത് വിട്ടുനല്‍കാന്‍ നോട്ടിസയക്കുമെന്നും അതിന് സമ്മതിച്ചില്ലെങ്കില്‍ ബുള്‍ഡോസര്‍ ഇറക്കാന്‍ മടിക്കില്ലെന്നും ധരംപാല്‍ സിങ് കൂട്ടിച്ചേര്‍ത്തു.