ന്യൂഡൽഹി : സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കൊവോവാക്‌സ് ഇപ്പോൾ രാജ്യത്തുടനീളം കുട്ടികൾക്ക് നൽകാൻ കമ്പനി സജ്ജമാണെന്ന് സിഇഒ അഡാർ പൂനെവാലെ. നൊവാവാക്‌സ് വികസിപ്പിച്ചെടുത്ത കൊവോവാക്‌സ് നിലവിൽ ഇന്ത്യയിലെ കുട്ടികൾക്കായി ലഭ്യമാണെന്ന് അദ്ദേഹം ട്വിറ്ററിലൂടെയാണ് അറിയിച്ചത്. യൂറോപ്യൻ രാജ്യങ്ങളിലേക്കും വിൽപന നടത്തുന്ന ഒരേയൊരു ഇന്ത്യൻ നിർമിത വാക്‌സിനാണ് തങ്ങളുടേതെന്നും 90% ഫലപ്രാപ്‌തി അതിനുണ്ടെന്നും പൂനെവാലെ ട്വിറ്ററിൽ കുറിച്ചു.
രാജ്യത്തെ 12നും 17നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് ഇനി മുതൽ സ്വകാര്യ കേന്ദ്രങ്ങളിൽ നിന്ന് കൊവോവാക്‌സ് ലഭിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ജിഎസ്‌ടിയോടൊപ്പം 900 രൂപയും കൂടാതെ ആശുപത്രി സേവന ചാർജായ 150 രൂപയുമാണ് വാക്‌സിനായി നല്‍കേണ്ടത്. 12-17 വയസിനിടയിലുള്ളവർക്ക് കൊവിഡ് വാക്‌സിൻ നൽകാമെന്ന നാഷണൽ ടെക്‌നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ഓൺ ഇമ്മ്യൂണൈസേഷന്‍റെ (എൻടിഎജിഐ) ശുപാർശയെ തുടർന്നാണ് നടപടി.