ന്യൂഡല്‍ഹി: വിമര്‍ശനങ്ങള്‍ക്കൊടുവില്‍ സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യുന്ന കൊവിഡ് വാക്സിന്‍റെ വില കുറച്ച് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. ആദ്യം പ്രഖ്യാപിച്ച ഡോസൊന്നിന് 400 രൂപയില്‍ നിന്ന് 300 രൂപയായിട്ടാണ് കൊവിഷീല്‍ഡ് വാക്സിന്‍റെ വില കുറച്ചത്. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉടമ അദാര്‍ പൂനേവാല ട്വിറ്ററിലൂടെയാണ് വില കുറയ്ക്കുന്നതായി പ്രഖ്യാപിച്ചത്. അതേ സമയം സ്വകാര്യ ആശുപത്രികള്‍ക്കുള്ള വാക്സിന്‍ വിലയില്‍ മാറ്റങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല. അതിനാല്‍ തന്നെ നിലവിലെ നിരക്കായ ഡോസൊന്നിന് 600 രൂപയ്ക്ക് തന്നെയാകും സ്വകാര്യ മേഖലയില്‍ വാക്സിന്‍ നല്‍കുക. കേന്ദ്ര സര്‍ക്കാരിന്‍റെ സൗജന്യ വാക്സിന്‍ വിതരണത്തിനായി 150 രൂപയാണ് ഡോസൊന്നിന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഈടാക്കുന്നത്.
മെയ് ഒന്ന് മുതല്‍ രാജ്യത്ത് പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും വാക്സിന്‍ ലഭ്യമാക്കാനാണ് നേരിട്ടുള്ള വാക്സിന്‍ സംഭരണത്തിന് സംസ്ഥാനങ്ങള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയത്. പിന്നാലെ വാക്സിന്‍ ഡോസുകള്‍ക്ക് ഉയര്‍ന്ന വില പ്രഖ്യാപിച്ച് മരുന്ന് കമ്പനികളും രംഗത്തെത്തി. കൊള്ളലാഭം കൊയ്യാനുള്ള കമ്പനികളുടെ നീക്കത്തിനെതിരെ വ്യാപക പ്രതിഷേധമാണ് കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ ഉയര്‍ത്തിയത്. കൊവിഷീല്‍ഡ് മറ്റ് രാജ്യങ്ങളില്‍ ഇന്ത്യയില്‍ നല്‍കുന്നതിലും കുറഞ്ഞ വിലയില്‍ വിറ്റഴിക്കുന്നതും ചര്‍ച്ചയായിരുന്നു. പിന്നാലെ ഹൈക്കോടതികളും സുപ്രീം കോടതിയും വിഷയത്തില്‍ ഇടപെട്ടു. വാക്സിന്‍ വിലനിയന്ത്രണത്തിന് കേന്ദ്രത്തിന് അധികാരമുണ്ടെന്നും മൂക സാക്ഷിയായി തുടരാനാകില്ലെന്നും സുപ്രീം കോടതി അഭിപ്രായപ്പെടുകയും ചെയ്തു. വാക്സിന്‍ വില കുറയ്ക്കണമെന്ന് കേന്ദ്രസര്‍ക്കാരും മരുന്ന് കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു.