ഹൈദരാബാദ്: രാജ്യത്ത് 18 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും ബൂസ്‌റ്റര്‍ ഡോസ് വാക്‌സിന്‍ നല്‍കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചതിന് പിന്നാലെ, കൊവിഡ് വാക്‌സിനുകളുടെ വില വെട്ടിക്കുറച്ച് സെറം ഇന്‍സ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കും. സ്വകാര്യ ആശുപത്രികള്‍ക്ക് 225 രൂപ നിരക്കില്‍ വാക്‌സിന്‍ ഡോസ് നല്‍കുമെന്ന് ഇരു കമ്പനികളും അറിയിച്ചു. കേന്ദ്ര സര്‍ക്കാരുമായുള്ള ചര്‍ച്ചക്ക് ശേഷമാണ് പ്രഖ്യാപനം.
'കേന്ദ്ര സര്‍ക്കാരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം കൊവിഷീല്‍ഡ് വാക്‌സിന്‍ ഡോസിന്‍റെ വില 600 രൂപയില്‍ നിന്ന് 225 ആക്കി പുതുക്കിയ വിവരം അറിയിക്കുന്നതില്‍ സന്തോഷമുണ്ട്. 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും സ്വകാര്യ ആശുപത്രി വഴി മുന്‍കരുതല്‍ ഡോസ് നല്‍കാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ തീരുമാനത്തെ അഭിനന്ദിക്കുന്നു' - സെറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അദാര്‍ പൂനെവാല ട്വിറ്ററില്‍ കുറിച്ചു.
ബൂസ്‌റ്റര്‍ ഡോസിന് 600 രൂപ ഈടാക്കുമെന്നാണ് വെള്ളിയാഴ്‌ച പൂനെവാല അറിയിച്ചത്. സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ പ്രഖ്യാപനത്തിന് പിന്നാലെ, കൊവാക്‌സിന്‍റെ നിരക്ക് കുറച്ചതായി ഭാരത് ബയോടെക്ക് സഹസ്ഥാപകയും ജെഎംഡിയുമായ സുചിത്ര എല്ല ട്വിറ്ററിലൂടെ അറിയിച്ചു. സ്വകാര്യ ആശുപത്രികള്‍ക്കായി കൊവാക്‌സിന്‍റെ ഒരു ഡോസിന്‍റെ വില 1,200 രൂപയില്‍ നിന്ന് 225 ആക്കിയതായി സുചിത്ര എല്ല ട്വീറ്റ് ചെയ്‌തു.