കൊവിഡ് ബാധിച്ചവരിൽ നിന്നും വൈറസിനെതിരായ ആന്‍റിബോഡി വേഗത്തിൽ ഇല്ലാതാകുമെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ നേരത്തേ പുറത്തുവന്നിട്ടുണ്ട്. എന്നാൽ ആന്‍റിബോഡി ശരീരത്തിൽ നിലനിൽക്കുന്നതിന് കൃത്യമായ കാലാവധി ഉണ്ടെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. കൊവിഡ് വന്നുപോയവരിൽ ആന്‍റിബോഡി ഒമ്പത് മാസത്തിന് ശേഷവും കണ്ടെത്താൻ കഴിയുമെന്നാണ് പുതിയ പഠനം.
സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിൽ ഈ ആന്‍റിബോഡിക്ക് ശരീരത്തിലെ ആരോഗ്യശേഷിയുമായി പ്രതികരിച്ച് വൈറസുകളെ നിർവീര്യമാക്കാനുള്ള കഴിവുണ്ടെന്നും കാണിക്കുന്നു.
രോഗതീവ്രത മാനദണ്ഡമല്ല
പാഡ്വ യൂണിവേഴ്‌സിറ്റി, ഇംപീരിയൽ കോളജ് ലണ്ടൻ, എന്നിവിടങ്ങളിലെ ഗവേഷകർ സംയുക്തമായി നടത്തിയ പഠനത്തിലാണ് പുതിയ റിപ്പോർട്ടുകൾ. ലക്ഷണങ്ങളോട് കൂടി രോഗം സ്ഥിരീകരിച്ചവരിലും അല്ലാത്തവരിലും ഇക്കാര്യത്തിൽ വ്യത്യാസങ്ങളില്ലെന്നും രോഗതീവ്രതയുമായി ഇതിന് ബന്ധമില്ലെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു.