ന്യൂഡൽഹി :രാജ്യത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുന്നു. 24 മണിക്കൂറിനിടെ 58,097 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. ഒരു ദിവസം മുമ്പ് റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണത്തേക്കാൾ 55% വർധനയാണിത്. ആകെ ഒമിക്രോൺ ബാധിതർ 2,135 ആയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
534 മരണങ്ങൾ കൂടി കൊവിഡ് മൂലമാണെന്ന് കണ്ടെത്തി. രാജ്യത്തെ സജീവ രോഗികളുടെ എണ്ണം 2.14 കടന്നു. രോഗബാധിതർ വർധിക്കുന്ന സാഹചര്യത്തിൽ പല സംസ്ഥാനങ്ങളിലും സ്കൂളുകൾ അടച്ചുപൂട്ടുകയും പൊതുഗതാഗത നിയന്ത്രണങ്ങളും കർഫ്യൂവും ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ALSO READ:മന്ത്രിസഭായോഗം ഇന്ന് ; ശിവശങ്കറിന്‍റെ നിയമനവും കൊവിഡ് മൂന്നാം തരംഗവും ചർച്ച
24 മണിക്കൂറിനുള്ളിൽ 20,000ത്തോളം കേസുകൾ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയാണ് കൊവിഡ് രോഗികളുടെ എണ്ണത്തിൽ മുന്നിലുള്ളത്. ഇതിൽ മുംബൈയിൽ മാത്രം 18,466 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തിങ്കളാഴ്ചത്തേക്കാൾ 10860 കേസുകളുടെ വർധനവാണ് (34%) 24 മണിക്കൂറിനുള്ളിൽ മുംബൈയിൽ റിപ്പോർട്ട് ചെയ്തത്.
2021 ഏപ്രിൽ ഏഴിന് ശേഷം നഗരത്തിൽ റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന പ്രതിദിന വർധനവാണിത്. പ്രതിദിന കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യം നിലനിൽക്കുകയാണെങ്കിൽ നഗരത്തിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തുമെന്ന് മുംബൈ മേയർ കിഷോരി പെഡ്‌നേക്കർ പറഞ്ഞു.