ന്യൂഡൽഹി: ലോകത്ത് കൂടുതലായി കൊവിഡ് വകഭേദങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ വിദേശ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തുന്നവർക്കായി കേന്ദ്ര സർക്കാർ പുതിയ മാർഗ നിർദേശങ്ങൾ പുറത്തിറക്കി. കഴിഞ്ഞ വർഷം ഓഗസ്റ്റ് രണ്ട് മുതൽ പുറത്തിറക്കിയ എല്ലാ മാർഗനിർദേശങ്ങളും ഇതോടെ അസാധുവാകും. പുതിയ മാർഗ നിർദേശങ്ങൾ ഫെബ്രുവരി 22 മുതൽ പ്രാബല്യത്തിൽ വരുമെന്നും വ്യോമയാന മന്ത്രാലയം അറിയിച്ചു.
ജനിതകമാറ്റം വന്ന കൊവിഡ് കേസുകൾ; കേന്ദ്ര സർക്കാർ പുതിയ മാർഗനിർദേശം പുറത്തിറക്കി - കേന്ദ്ര സർക്കാർ മാർഗനിർദേശം പുറത്തിറക്കി
കഴിഞ്ഞ വർഷം ഓഗസ്റ്റ് രണ്ടിന് കേന്ദ്ര സർക്കാർ പുറത്തിറക്കിയ എല്ലാ നിർദേശങ്ങളും അസാധുവാക്കിയാണ് പുതിയ മാർഗ നിർദേശങ്ങൾ നിലവിൽ വരുന്നത്.

യാത്ര ആരംഭിക്കുന്ന സ്ഥലത്തിനെ അടിസ്ഥാനമാക്കി മൂന്ന് വിഭാഗമായാണ് യാത്രക്കാരെ തരം തിരിച്ചിട്ടുള്ളത്. യുകെ, യൂറോപ്പ്, മിഡിൽ ഈസ്റ്റ് എന്നീ രാജ്യങ്ങളിൽ നിന്ന് വരുന്നവർ പ്രത്യേക സെൽഫ് ഡിക്ലറേഷൻ ഫോം സമർപ്പിക്കണമെന്നും മറ്റ് വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്നവർ സെൽഫ് ഡിക്ലറേഷൻ ഫോം സമർപ്പിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി. ഇത്തരക്കാർ ആർടി പിസിആർ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും അപ്‌ലോഡ് ചെയ്യണമെന്നും മന്ത്രാലയം വ്യക്തമാക്കി. യാത്ര ചെയ്യുന്നതിന് 72 മണിക്കൂർ മുന്നോടിയായി എടുത്ത സർട്ടിഫിക്കറ്റ് വേണം ഹാജരാക്കേണ്ടത്. യുകെ, ബ്രസീൽ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ ജനിതകമാറ്റം വന്ന കൊവിഡ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിന്‍റെ തീരുമാനം.