ന്യൂഡൽഹി: സൈപ്രസിൽ സ്ഥിരീകരിച്ച ഡെൽറ്റക്രോൺ വകഭേദത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്നും രാജ്യത്തെ ജനവിഭാഗങ്ങളുടെ വലിയൊരു ശതമാനം ഭാഗികമായി വാക്‌സിൻ സ്വീകരിച്ചവരാണെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ അംഗം ഡോ.വിനയ് കെ അഗർവാൾ. എന്നാൽ ഡെൽറ്റക്രോണിന്‍റെ ആഘാതം എത്രത്തോളമായിരിക്കുമെന്ന് നിലവിൽ പ്രവചിക്കാൻ സാധ്യമല്ലാത്തതിനാൽ കൊവിഡ് മാനദണ്ഡങ്ങളും സാമൂഹിക അകലവും കൃത്യമായി പാലിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു.
ഡെൽറ്റ വളരെ മാരകവും ഒമിക്രോൺ കൂടുതൽ പകർച്ചാശേഷിയുമുള്ളതായിരുന്നു. അതിനാൽ ഡെൽറ്റക്രോണിന്‍റെ തീവ്രത വത്യസ്‌തമായിരിക്കും.
മഹാരാഷ്‌ട്ര, പശ്ചിമ ബംഗാൾ, ഡൽഹി, കേരളം, തമിഴ്‌നാട്, കർണാടക, ജാർഖണ്ഡ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളെ നിലവിൽ ആശങ്കയുണർത്തുകയാണ്. ആവശ്യമെങ്കിൽ പ്രാദേശിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് പുറമെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കണമെന്ന് ഈ സംസ്ഥാനങ്ങൾക്ക് ആരോഗ്യ സെക്രട്ടറി നിർദേശം നൽകിക്കഴിഞ്ഞു. ആവശ്യമെങ്കിൽ സംസ്ഥാനങ്ങൾക്ക് കേന്ദ്ര സഹായം വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്. ഈ സംസ്ഥാനങ്ങളിലെ പ്രതിവാര കൊവിഡ് കേസുകളിൽ വലിയ വളർച്ചയാണ് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായത്.