ന്യൂഡല്‍ഹി: രാജ്യത്ത് കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ ജനുവരി മൂന്ന് മുതല്‍ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ അഭിസംബോധന ചെയ്‌താണ് പ്രഖ്യാപനം.
15 മുതല്‍ 18 വയസ് വരെ പ്രായമുള്ള കുട്ടികളിലാണ് ആദ്യ ഘട്ടം വാക്‌സിനേഷന്‍ നടത്തുക. 60 വയസിന് മുകളില്‍ പ്രായമുള്ള ഗുരുതര രോഗികളിലും ആരോഗ്യ പ്രവര്‍ത്തകരിലും ബൂസ്റ്റര്‍ ഡോസ് ജനുവരി 10 മുതല്‍ ആരംഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
60 വയസിന് മുകളിലുള്ളവര്‍ക്ക് കുറിപ്പടിയുടെ അടിസ്ഥാനത്തിലാകും ബൂസ്റ്റര്‍ ഡോസ് നല്‍കുക. ഭാരത് ബയോടെകിന്‍റെ കൊവാക്‌സിന്‍ കുട്ടികള്‍ക്ക് നല്‍കുന്നതിന് ഡിസിജിഐ ശനിയാഴ്‌ച അംഗീകാരം നല്‍കിയിരുന്നു.
രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഇതുവരെ 415 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു. മാസ്‌കുകള്‍ പതിവാക്കണമെന്നും കൈകള്‍ അണുവിമുക്തമാക്കണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു.
Also Read: Omicron India : രണ്ട് മാസത്തിനുള്ളിൽ 10 ലക്ഷത്തോളം കേസുകൾ ഉണ്ടായേക്കാമെന്ന് ഡോ ടി എസ് അനീഷ്
രാജ്യത്ത് 18 ലക്ഷം ഐസൊലേഷന്‍ ബെഡുകളും അഞ്ച് ലക്ഷം ഓക്‌സിജന്‍ സപ്പോര്‍ട്ട് ചെയ്യുന്ന കിടക്കകളും 1.4 ലക്ഷം ഐസിയു ബെഡുകളും കുട്ടികള്‍ക്കായി 90,000 പ്രത്യേക കിടക്കകളും ഉണ്ട്. ഇത് കൂടാതെ നാല് ലക്ഷം ഓക്‌സിജന്‍ സിലിണ്ടറുകള്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും നല്‍കിയതായും പ്രധാനമന്ത്രി പറഞ്ഞു.