ന്യൂഡൽഹി: ബാക്കിവന്നതും ഉപയോഗിക്കാത്തതുമായി 19.43 കോടിയിലധികം വാക്‌സിൻ ഡോസുകൾ ഇപ്പോഴും സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ശേഷിക്കുന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതുവരെ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും 193.28 കോടിയിലധികം (1,93,28,90,965) വാക്‌സിൻ ഡോസുകൾ വിതരണം ചെയ്‌തിട്ടുണ്ട്. കേന്ദ്രസർക്കാർ വഴി സൗജന്യമായും സംസ്ഥാന സംഭരണ വിഭാഗത്തിലൂടെയും വിതരണം ചെയ്‌ത വാക്‌സിനിൽ 19,43,60,715 ഡോസുകൾ ഇപ്പോഴും ബാക്കിയെന്ന് മന്ത്രാലയം വ്യക്തമാക്കി.
2021 ജനുവരി 16നാണ് രാജ്യവ്യാപകമായി കൊവിഡിനെതിരായ വാക്‌സിനേഷൻ ആരംഭിച്ചത്. വാക്‌സിനേഷന്‍റെ പുതിയ ഘട്ടം 2021 ജൂൺ 21ന് ആരംഭിച്ചു. കൂടുതൽ വാക്‌സിനുകളുടെ ലഭ്യതയനുസരിച്ച് വാക്‌സിനേഷൻ ഡ്രൈവ് വർധിപ്പിച്ചതായും മന്ത്രാലയം കൂട്ടിച്ചേർത്തു.