ബെംഗളൂരു: കര്‍ണാടകയില്‍ മാര്‍ച്ച് 8 മുതല്‍ മൂവായിരം കേന്ദ്രങ്ങള്‍ വഴി കൊവിഡ് വാക്‌സിനേഷന്‍ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി കെ. സുധാകര്‍. പ്രൈമറി ഹെല്‍ത്ത് സെന്‍ററുകള്‍, താലൂക്ക് ആശുപത്രികള്‍, ജില്ലാ ആശുപത്രികള്‍ എന്നീ കേന്ദ്രങ്ങള്‍ വഴിയാണ് വാക്‌സിന്‍ വിതരണം. പ്രതിദിനം 1.5 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.
കര്‍ണാടകയില്‍ മാര്‍ച്ച് 8 മുതല്‍ മൂവായിരം കേന്ദ്രങ്ങള്‍ വഴി കൊവിഡ് വാക്‌സിനേഷന്‍ - COVID vaccination
പ്രതിദിനം 1.5 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി കെ. സുധാകര്‍
സംസ്ഥാനത്തെ വാക്‌സിനേഷന്‍ ഡ്രൈവ് വിലയിരുത്തുന്നതിനായി ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് യോഗം ചേര്‍ന്നിരുന്നു. കൊവിഡ് വ്യാപനം നിയന്ത്രിക്കാനായി അഞ്ഞൂറിലധികം പേരെ കൂട്ടം കൂടാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ആളുകള്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ എത്തണമെന്ന് ആരോഗ്യ മന്ത്രി ജനങ്ങളോട് അഭ്യര്‍ഥിച്ചു. ബൃഹത് ബെംഗളൂരു മഹാനഗര പാലിക കോര്‍പ്പറേഷനില്‍ കഴിഞ്ഞ കുറച്ച് ആഴ്‌ചകളായി 250ല്‍ താഴെയാണ് കൊവിഡ് കേസുകളെന്നും എന്നാല്‍ ഇന്നലെ കേസുകളുടെ എണ്ണം 400 ആയി ഉയര്‍ന്നതായും ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി. പ്രതിദിനം 30,000 സാമ്പിളുകള്‍ പരിശോധിക്കുന്നത് 40,000മായി ഉയര്‍ത്തിയെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
അയല്‍ സംസ്ഥാനങ്ങളായ കേരളത്തിലും മഹാരാഷ്‌ട്രയിലും കൊവിഡ് കേസുകള്‍ ഉയര്‍ന്ന് നില്‍ക്കുന്ന സാഹചര്യത്തില്‍ അതിര്‍ത്തികളിലും നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതിനൊപ്പം തന്നെ കൂടുതല്‍ പേര്‍ കൂട്ടം കൂടുന്നത് നിയന്ത്രിക്കുമെന്നും കെ. സുധാകര്‍ വ്യക്തമാക്കി. മാംഗളൂരിലേക്ക് ഇതര സംസ്ഥാനത്ത് നിന്നുള്ള യാത്രക്കാര്‍ കൂടുതലായി എത്തിച്ചേരുന്നതിനാല്‍ ബെംഗളൂരു അര്‍ബന്‍, ദക്ഷിണ കന്നഡ, മൈസൂര്‍, ചമാജനഗര, ഉഡുപ്പി, കൊഡകു, ബെലഗവി, തുംകുരു അധികൃതര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയതായും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു