ലഖ്‌നൗ: മഹാരാഷ്ട്ര, കേരളം എന്നീ സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർക്ക് കൊവിഡ് പരിശോധന നിർബന്ധമാക്കുമെന്ന് ഉത്തർപ്രദേശ് അഡീഷണൽ ചീഫ് സെക്രട്ടറി അമിത് മോഹൻ പ്രസാദ്. ഈ സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന എല്ലാ യാത്രക്കാരെയും ആന്‍റിജൻ പരിശോധന നടത്തണമെന്ന് അദ്ദേഹം നിർദേശിച്ചു.
കൊവിഡ് പരിശോധന നിർബന്ധമാക്കി ഉത്തർപ്രദേശ് സർക്കാർ
മഹാരാഷ്ട്ര, കേരളം എന്നീ സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർക്കാണ് ഉത്തർപ്രദേശ് സർക്കാർ കൊവിഡ് പരിശോധന നിർബന്ധമാക്കുന്നത്.
രോഗലക്ഷണം കണ്ടെത്തിയാൽ ആ വ്യക്തിയെ ആർടിപിസിആർ പരിശോധനയ്‌ക്ക് വിധേയമാക്കണമെന്നും അദ്ദേഹം അറിയിച്ചു. ട്രെയിൻ മാർഗം എത്തുന്ന യാത്രക്കാരും ഈ മാർഗ നിർദേശങ്ങൾ പാലിക്കണം. ട്രെയിൻ, ബസ് എന്നിവ വഴി വരുന്ന യാത്രക്കാരുടെ വിവരങ്ങൾ ബന്ധപ്പെട്ട അധികാരികൾ സർക്കാരിനെ അറിയിക്കും. തുടർന്ന് ഇവരെ നിരീക്ഷിക്കുകയും പരിശോധനയ്‌ക്ക് വിധേയരാക്കുകയും ചെയ്യും. ഫെബ്രുവരി 24ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം മഹാരാഷ്‌ട്ര, കേരളം, ഛത്തീസ്‌ഗഡ്, മധ്യപ്രദേശ്, ഗുജറാത്ത്, പഞ്ചാബ്, കർണാടക, തമിഴ്‌നാട്, പശ്ചിമബംഗാൾ, ജമ്മു കശ്‌മീർ എന്നീ സംസ്ഥാനങ്ങളിലേക്ക് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഉന്നത സംഘത്തെ നിയോഗിച്ചു. കൊവിഡ് വ്യാപനം തടയുന്നതിനായി സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും ആരോഗ്യ വകുപ്പിനെ ഏകോപിപ്പിക്കാനും തീരുമാനമായിട്ടുണ്ട്.