ബെംഗളൂരു:കർണാടകയിൽ വാരാന്ത്യ കർഫ്യൂവും രാത്രി കർഫ്യൂവും നീട്ടി സംസ്ഥാന സര്‍ക്കാര്‍. നേരത്തെ ജനുവരി 19 വരെയായിരുന്നു തീരുമാനിച്ചിരുന്നത്. ഇത് ഈ മാസം അവസാനം വരെയായി ഉയര്‍ത്തി.
ചൊവ്വാഴ്‌ച വൈകിട്ട് മുഖ്യമന്ത്രി ബസവരാജ ബൊമ്മൈയുടെ നേതൃത്വത്തില്‍ നടന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. വെർച്വലായാണ് മീറ്റിങ് നടന്നത്. പുറമെ, നേരെത്തെയുള്ള മാർഗനിർദേശങ്ങളിൽ പുതുക്കുകയുമുണ്ടായി.
കൊവിഡ് അവലോകന യോഗത്തിലെ തീരുമാനങ്ങൾ
- നേരത്തെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഈ മാസം അവസാനം വരെ തുടരണം.
2. കൊവിഡ് വ്യാപനം ഉയരുന്നത് കണക്കിലെടുത്ത് സ്‌കൂളുകള്‍ അടയ്‌ക്കുന്നതിന് അതത് ജില്ലയിലെ കലക്‌ടര്‍മാര്‍ തീരുമാനമെടുക്കണം.
3. താലൂക്ക് ആശുപത്രികളിലും ജില്ലാ ആശുപത്രികളിലും കൊവിഡ് ബാധിതരായ കുട്ടികൾക്കായി വാർഡുകളും ഐ.സി.യു കിടക്കകളും പ്രത്യേകം നീക്കിവയ്ക്കണം.
4. കൊവിഡ് ബാധിതരായ കുട്ടികളെ ചികിത്സിക്കുന്നതിന് മതിയായ അളവിൽ മരുന്നുകളുടെ സ്റ്റോക്ക് ജില്ലാ ആരോഗ്യ ഓഫിസർമാർ ഉറപ്പാക്കണം.
5. എല്ലാ സ്‌കൂളുകളിലും ഓരോ 15 ദിവസത്തിലും കുട്ടികളെ പരിശോധനയ്‌ക്ക് വിധേയമാക്കണം. വിദ്യാഭ്യാസ വകുപ്പും ആരോഗ്യ വകുപ്പും ഇതുസംബന്ധിച്ച് സംയുക്തമായി നിർദേശം.
6. പൊതുസ്ഥലങ്ങളില്‍ നിയന്ത്രണങ്ങൾ കർശനമാക്കാന്‍ ജില്ലകളിലെ ഡെപ്യൂട്ടി കമ്മിഷണർമാർക്കും പൊലീസ് സൂപ്രണ്ടുമാർക്കും നിർദേശം.
7. മൂന്നാം തരംഗത്തിൽ, കൂടുതൽ കൊവിഡ് ബാധിതരുണ്ടാകാന്‍ ഇടയുള്ളത് ഹോം ക്വാറന്‍റൈനുകളിലാണ്. അതിനാൽ, അവരുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്താന്‍ ഉചിതമായ മരുന്ന് കിറ്റുകൾ നൽകണം.