ന്യൂഡല്‍ഹി:കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തെ തുടര്‍ന്ന് പഞ്ചാബില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 130 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തു. രാജ്യത്ത് കൊവിഡ് അതിതീവ്രമായി വ്യാപിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ പൊതുയിടങ്ങളില്‍ ഒത്തുകൂടുന്നതിന് സംസ്ഥാന സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
മാളുകള്‍, തിയേറ്റര്‍, പരിശീലന കേന്ദ്രങ്ങള്‍, വാണിജ്യ കേന്ദ്രങ്ങള്‍, ജിം, സാമൂഹിക-രാഷ്ട്രീയ-സാംസ്‌കാരിക കൂട്ടായ്‌മകള്‍ തുടങ്ങിയവയ്‌ക്ക് ഏപ്രില്‍ 30 വരെ സംസ്ഥാനത്ത് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
തിങ്കളാഴ്‌ച പുറത്തിറക്കിയ പുതിയ മാനദണ്ഡമനുസരിച്ച് ആഴ്‌ച ചന്തകളെല്ലാം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. കല്യാണങ്ങള്‍ക്ക് 20 പേര്‍ക്ക് മാത്രം പങ്കെടുക്കാം. രാത്രി എട്ട് മുതല്‍ രാവിലെ അഞ്ച് മണി വരെ സംസ്ഥാനത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം പൊതുഗതാഗതത്തിന് തടസമുണ്ടാകില്ല. ബസ്, ടാക്‌സി, ഓട്ടോകളില്‍ യാത്രക്കാരുടെ എണ്ണവും ക്രമപ്പെടുത്തി. ഔദ്യോഗിക കണക്ക് പ്രകാരം പഞ്ചാബില്‍ 36,709 പേരാണ് നിലവില്‍ കൊവിഡ് ചികിത്സയിലുള്ളത്. ആകെ 2,64,562 പേര്‍ക്ക് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.