ന്യൂഡൽഹി:കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 2,61,500 പുതിയ കൊവിഡ് രോഗികളും 1,501 കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. രാജ്യത്തെ ഏറ്റവും വലിയ പ്രതിദിന വർധനയാണിത്. 1501 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങൾ 1,77,150 ആയി.
പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ഇന്ത്യയിൽ ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 1,47,88,109 ആയി ഉയർന്നു.
നിലവിൽ രാജ്യത്ത് 18,01,316 സജീവ കൊവിഡ് കേസുകളാണ് ഉള്ളത്. കഴിഞ്ഞ 24 മണിക്കൂറിൽ 1,38,423 പേരാണ് രോഗമുക്തരായത്. 1,28,09,643 പേരാണ് രാജ്യത്ത് ഇതുവരെ രോഗമുക്തി നേടിയത്.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്‍റെ കണക്കനുസരിച്ച് 15,66,394 സാമ്പിളുകളാണ് ശനിയാഴ്ച പരിശോധിച്ചത്. ഏപ്രിൽ 17 വരെ രാജ്യത്തുടനീളം 26,65,38,416 സാമ്പിളുകൾ പരിശോധന നടത്തിയിട്ടുണ്ട്.
ഏപ്രിൽ 12ന് റഷ്യൻ സ്പുട്‌നിക് 5 വാക്സിൻ ഇന്ത്യയിൽ ഉപയോഗിക്കാൻ ഡ്രഗ് കൺട്രോളർ ജനറൽ അനുമതി നൽകിയിരുന്നു. നിലവിൽ ഇന്ത്യയിൽ കൊവിഷീൽഡ്, കൊവാക്സിൻ, സ്പുട്നിക് 5 എന്നീ മൂന്ന് വാക്സിനുകളാണ് നൽകുന്നത്. 45 വയസ്സിന് മുകളിലുള്ള എല്ലാവർക്കും വാക്സിനേഷൻ നൽകുന്നുണ്ട്. ആദ്യ ഘട്ടത്തിൽ എല്ലാ ആരോഗ്യ പ്രവർത്തകർക്കും വാക്സിൻ നൽകിയിരുന്നു. ജനുവരി 16 നാണ് ഇന്ത്യയിൽ വാക്സിനേഷൻ ഡ്രൈവ് ആരംഭിച്ചത്. രണ്ടാം ഘട്ടം മാർച്ച് ഒന്നിന് ആരംഭിച്ചു.