ഹൈദരാബാദ്: ഇന്ത്യയില്‍ കൊവിഡ് വ്യാപനം പ്രാദേശിക തലത്തിലേക്ക് ചുരുങ്ങുമെന്ന സൂചന നല്‍കി ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്‍റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥൻ. മഹാമാരി എന്ന നിലയില്‍ നിന്ന് കൊവിഡ് പ്രാദേശികമായി മാറുമെന്നാണ് ഡോ. സൗമ്യ സ്വാമിനാഥൻ വ്യക്തമാക്കുന്നത്. ജനങ്ങൾ കൊവിഡിനൊപ്പം ജീവിക്കുന്ന സാഹചര്യം രൂപപ്പെട്ടതായും "ദ വയർ" എന്ന ന്യൂസ് വെബ്‌സൈറ്റിനു വേണ്ടി പ്രശസ്തമാധ്യമ പ്രവർത്തകൻ കരൺ ഥാപ്പറിന് നല്‍കിയ അഭിമുഖത്തില്‍ ഡോ. സൗമ്യ പറഞ്ഞു.
ഇനി മഹാമാരിയല്ല, എൻഡമിക്
ഒരു രാജ്യത്ത് തുടങ്ങി പല രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നതാണ് പാൻഡമിക് (മഹാമാരി). അതേസമയം, വൈറസിനൊപ്പം ജനങ്ങൾ ജീവിക്കാൻ തുടങ്ങുന്നതാണ് എൻഡമിക്. അത് ഒരു നിശ്‌ചിത പ്രദേശത്ത് മാത്രമായി ചുരുങ്ങും. സെപ്റ്റംബർ മധ്യത്തോടെ കൊവാക്‌സിനെ ലോകാരോഗ്യ സംഘടനയുടെ അംഗീകൃത വാക്‌സിനായി പ്രഖ്യാപിച്ചേക്കുമെന്നും സൗമ്യ സ്വാമിനാഥൻ സൂചന നല്‍കി.
ഇന്ത്യൻ ജനസംഖ്യയുടെ വലിപ്പം, വൈവിധ്യം, അതിന്‍റെ പ്രതിരോധ ശേഷി എന്നിവ വിവിധ പ്രദേശങ്ങളില്‍ വ്യത്യസ്ത അളവിലാണ്. അതുകൊണ്ടു തന്നെ കൊവിഡ് വ്യാപനവും വ്യത്യസ്ത തോതിലായിരിക്കും. ആദ്യ ഘട്ടത്തിലും രണ്ടാം ഘട്ടത്തിലും കൊവിഡ് വ്യാപിക്കാത്ത മേഖലകളിലും വാക്‌സിനേഷൻ പൂർണമാകാത്ത സ്ഥലങ്ങളിലും വരും മാസങ്ങളില്‍ സംഭവിക്കാനിരിക്കുന്ന മൂന്നാം തരംഗത്തില്‍ കൊവിഡ് വ്യാപനത്തിന് സാധ്യതയുണ്ടെന്നും ഡോ സൗമ്യ വ്യക്തമാക്കി.