ഡല്‍ഹി :കൊവിഡ് വാക്സിനേഷനായി കേന്ദ്രം ഇതുവരെ ചെലവഴിച്ചത് കേവലം4747 കോടി രൂപ മാത്രം. ബജറ്റ് വിഹിതത്തിന്‍റെ 14 ശതമാനത്തില്‍ താഴെ മാത്രമാണിത്. പ്രതിരോധ കുത്തിവയ്പ്പ് മന്ദഗതിയിലാവുകയും ചില സംസ്ഥാനങ്ങളില്‍ മരുന്ന് കിട്ടാതെ വരികയും ചെയ്‌തതിനാൽ വാക്സിനേഷന്‍ പ്രതിസന്ധിയിലായിട്ടുമുണ്ട്. കൊവിഡ് കേസുകളിലുണ്ടായ ഉയര്‍ച്ച തടയുന്നതില്‍ നിര്‍ണായകമാണ് പ്രതിരോധ കുത്തിവയ്‌പ്പ്. ഇക്കഴിഞ്ഞ ആഴ്ചയോടെ ഇന്ത്യയിലെ പുതിയ കൊവിഡ് രോഗികളുടെ പ്രതിദിന കണക്കുകള്‍ അസാധാരണമാംവിധം 4 ലക്ഷം കവിയുകയും പ്രതിദിന മരണ സംഖ്യ 3600 കടക്കുകയും ചെയ്തിരിക്കുന്നു.
സര്‍ക്കാര്‍ 4744.45 കോടി രൂപയാണ് പ്രതിരോധ കുത്തിവയ്പ്പിനായി ഇതുവരെ ചെലവഴിച്ചതെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ ലോകത്തെ ഏറ്റവും വലിയ പ്രതിരോധ മരുന്ന് നിര്‍മ്മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യക്ക് (എസ്ഐഐ) നല്‍കിയ 3639.67 കോടി രൂപയും ഹൈദരാബാദ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക്കിന് നല്‍കിയ 1104.78 കോടി രൂപയും ഉള്‍പ്പെടും.
മെയ്, ജൂണ്‍, ജൂലൈ മാസങ്ങളിലായി 11 കോടി ഡോസുകളുടെ ഓര്‍ഡറിനു വേണ്ടി 1732.50 കോടി രൂപ എസ്ഐഐക്ക് അഡ്വാന്‍സ് തുകയായി നല്‍കിയിട്ടുണ്ട്. ഇതിനുപുറമെ 15 കോടി ഡോസുകള്‍ ലഭ്യമാക്കാനുള്ള 2353.09 കോടിയില്‍ 1907.17 കോടിയും നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ നല്‍കിയ 26.60 കോടി ഡോസുകളുടെ ഓര്‍ഡറിൽ എസ്ഐഐ ഇതുവരെ 14.344 കോടി ഡോസ് കൊവിഷീല്‍ഡാണ് വിതരണം ചെയ്തതെന്നും മന്ത്രി വിശദീകരിക്കുന്നു.
ഇന്ത്യന്‍ നിർമ്മിത വാക്‌സിനായ കൊവാക്‌സിന്‍റെ നിര്‍മ്മാതാക്കളായ ഭാരത് ബയോടെക്കിന് സര്‍ക്കാര്‍ ഇതുവരെ 8 കോടി ഡോസുകള്‍ വിതരണം ചെയ്യുന്നതിന് ആകെ 1104.78 കോടി രൂപയാണ് നൽകിയത്. ഈ തുകയില്‍ രണ്ടാം ഘട്ടമായി മെയ്, ജൂണ്‍, ജൂലൈ മാസങ്ങളില്‍ നല്‍കേണ്ട 5 കോടി പ്രതിരോധ മരുന്നിനായുള്ള അഡ്വാന്‍സ് തുകയായ 787.5 കോടി രൂപയും ഉള്‍പ്പെടുന്നു.
എന്നാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഈ രണ്ട് പ്രതിരോധ മരുന്ന് നിര്‍മ്മാതാക്കള്‍ക്കായി മൊത്തത്തില്‍ എത്ര തുക നല്‍കിക്കഴിഞ്ഞെന്ന കാര്യം മന്ത്രിയുടെ ട്വീറ്റുകളില്‍ നിന്ന് വ്യക്തമല്ല. അതുപോലെ ഇത്തവണ ബജറ്റില്‍ പ്രതിരോധ കുത്തിവയ്പ്പിനായി വകയിരുത്തിയ 35000 കോടി രൂപയില്‍ നിന്ന് എത്ര പണം നല്‍കിയെന്നും വിശദീകരിക്കുന്നില്ല.
ഉത്പാദകര്‍ക്ക് ഓര്‍ഡര്‍ നല്‍കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വരുത്തിയ കാലതാമസമാണ് വാക്സിനേഷന്‍ മന്ദഗതിയിലാക്കിയതെന്ന് വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. ഇതാണ് രാജ്യത്ത് കൊവിഡ് കേസുകളും മരണങ്ങളും വര്‍ധിച്ചതെന്നുമുള്ള വിമര്‍ശനം ശക്തമാണ്. മറ്റ് രാജ്യങ്ങളില്‍ ഉപയോഗിച്ചുവരുന്ന കൊവിഡ് വാക്സിനുകൾക്ക് ഇവിടെ അനുമതി നല്‍കുന്നതിലും കേന്ദ്രം കാലതാമസം വരുത്തി എന്ന് പ്രതിപക്ഷം ആരോപിക്കുന്നു. കാലവിളംബം ഉണ്ടായിരുന്നില്ലെങ്കില്‍ വാക്സിനേഷന്‍ അതിവേഗം വിപുലീകരിക്കാനാകുമായിരുന്നെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.
ഈ വര്‍ഷം മാര്‍ച്ചിനുശേഷം ഈ രണ്ട് വാക്സിൻ ഉത്പാദക കമ്പനികള്‍ക്കും പുതിയ ഓര്‍ഡറുകളൊന്നും കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ നല്‍കിയിട്ടില്ലെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ കേന്ദ്രം ഇത് നിഷേധിക്കുകയാണുണ്ടായത്. അത്തരം വാര്‍ത്തകള്‍ തെറ്റാണെന്നും ഏപ്രില്‍ 28 ന് തന്നെ 16 കോടി വാക്സിനുകൾ വിതരണം ചെയ്യാനുള്ള ഓര്‍ഡര്‍ കേന്ദ്രം നല്‍കിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം വിശദീകരിച്ചു. ഇതില്‍ 11 കോടി ഡോസുകള്‍ എസ്ഐഐക്കും 5 കോടി ഡോസുകള്‍ ഭാരത് ബയോടെക്കുമാണ് ലഭ്യമാക്കേണ്ടത്. അതേ ദിവസം തന്നെ ഇരു പ്രതിരോധ മരുന്ന് ഉത്പാദകര്‍ക്കുമായി 2520 കോടി രൂപയുടെ അഡ്വാന്‍സ് തുകയും നല്‍കിയെന്നും മന്ത്രാലയം അറിയിച്ചു. അതേസമയം ബജറ്റില്‍ വകയിരുത്തിയ 35000 കോടിയുടെ വെറും 7.2 ശതമാനം മാത്രമാണ് ഈ തുക.
മൊത്തം വകയിരുത്തിയ പണം
'2021-22 ബജറ്റില്‍ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പിനായി ഞാന്‍ 35000 കോടി രൂപ ലഭ്യമാക്കിയിട്ടുണ്ട്. ആവശ്യമാണെന്ന് വന്നാല്‍ കൂടുതല്‍ തുക ഇനിയും നീക്കിവയ്ക്കാന്‍ പ്രതിജ്ഞാബദ്ധവുമാണ് ' എന്നാണ് ധനകാര്യമന്ത്രി ബജറ്റ് അവതരണ വേളയില്‍ പ്രഖ്യാപിച്ചത്. ആരോഗ്യ ബജറ്റ് വകയിരുത്തലായ 94,452 കോടിയെന്നത് ഈ ധനകാര്യ വര്‍ഷത്തിൽ 2,23,846 കോടി രൂപയാക്കി ഉയര്‍ത്തിയെന്നും 137 ശതമാനമാണ് ഈ വര്‍ധനയെന്നും മന്ത്രി ഇതോടൊപ്പം വ്യക്തമാക്കിയിരുന്നു.