ന്യൂഡല്‍ഹി: കൊവിഡ് വെല്ലുവിളി അവസാനിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ രണ്ടാഴ്‌ചക്കിടെ കൊവിഡ് കേസുകളിലുണ്ടായ വര്‍ധനവ് ജാഗ്രത പാലിക്കേണ്ടതിന്‍റെ ആവശ്യകതയാണ് സൂചിപ്പിക്കുന്നതെന്ന് മോദി പറഞ്ഞു. കൊറോണ വൈറസിനെതിരെയുള്ള ഏറ്റവും വലിയ സംരക്ഷണ കവചമാണ് വാക്‌സിനേഷന്‍ എന്നും മോദി കൂട്ടിച്ചേര്‍ത്തു.
അർഹരായ എല്ലാ കുട്ടികള്‍ക്കും എത്രയും വേഗം പ്രതിരോധ കുത്തിവയ്പ്പ് നല്‍കുന്നതിനാണ് സര്‍ക്കാരിന്‍റെ മുന്‍ഗണന. രാജ്യത്തെ നിലവിലെ കൊവിഡ് സാഹചര്യം അവലോകനം ചെയ്യുന്നതിനായി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മോദി. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ കൊവിഡ് പ്രതിരോധ നടപടികളെ കുറിച്ച് അവതരണം നടത്തി.
ജാഗ്രത പുലര്‍ത്തണം: ഒമിക്രോണും മറ്റ് ഉപവകഭേദങ്ങളുമാണ് യൂറോപ്പില്‍ ഉള്‍പ്പെടെ കൊവിഡ് കേസുകളിലെ വര്‍ധനവിന് കാരണമായതെന്ന് മോദി പറഞ്ഞു. പല രാജ്യങ്ങളേക്കാള്‍ മികച്ച രീതിയില്‍ കൊവിഡ് സാഹചര്യം കൈകാര്യം ചെയ്യാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു. അതേസമയം, കഴിഞ്ഞ രണ്ടാഴ്‌ചക്കിടെ കൊവിഡ് കേസുകളിലുണ്ടായ വര്‍ധനവ് ജാഗ്രത പുലര്‍ത്തേണ്ടതിന്‍റെ ആവശ്യകതയാണ് ഓര്‍മിപ്പിക്കുന്നത്.