ഹൈദരാബാദ് : കഴിഞ്ഞ 24 മണിക്കൂറില്‍ ഇന്ത്യയിലെ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന. രാജ്യത്ത് 423 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. കേരളം, കര്‍ണാടക എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ളത്.
266 പേര്‍ക്കാണ് കേരളത്തില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. കര്‍ണാടകയില്‍ നിന്ന് 70 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് നാല് പേരാണ് മരിച്ചത്. കേരളത്തില്‍ നിന്നും രണ്ട് പേരും കര്‍ണാടക, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നും ഓരോരുത്തര്‍ വീതവുമാണ് കൊവിഡ് ബാധിച്ച് മരിച്ചിട്ടുള്ളത്. ഇതോടെ കൊവിഡ് മരണ നിരക്ക് 1.19 ശതമാനമായി ഉയര്‍ന്നു.
കേരളത്തില്‍ പരിശോധന കൂടുതല്‍: ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ സാമ്പിള്‍ ടെസ്റ്റുകളുടെ എണ്ണം കൂടുതലായത് കൊണ്ടാണ് രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ കാരണമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് പറഞ്ഞു (Kerala Health Minister Veena George).
ബിഹാറില്‍ ആര്‍ടിപിസിആര്‍ നിര്‍ബന്ധം: പട്‌ന, ഗയ, ദർഭംഗ വിമാനത്താവളങ്ങള്‍ വഴിയെത്തുന്ന മുഴുവന്‍ യാത്രക്കാരെയും ആര്‍ടിപിസിആര്‍ പരിശോധനക്ക് വിധേയരാക്കണമെന്ന് ബിഹാര്‍ സര്‍ക്കാര്‍ മുഴുവന്‍ ജില്ലകള്‍ക്കും നിര്‍ദേശം നല്‍കി. രോഗ ലക്ഷണങ്ങളുമായി ആശുപത്രിയിലെത്തുന്ന മുഴുവന്‍ രോഗികളെയും പരിശോധനക്ക് വിധേയരാക്കാന്‍ ആശുപത്രികള്‍ക്കും നിര്‍ദേശം.