ന്യൂഡൽഹി: രാജ്യത്ത് 18 വയസിന് മുകളിലുള്ളവർക്കുള്ള എല്ലാവർക്കും സ്വകാര്യ വാക്‌സിനേഷൻ കേന്ദ്രങ്ങളിലൂടെ ഏപ്രിൽ 10 മുതൽ കൊവിഡ് ബൂസ്റ്റർ ഡോസ് ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രണ്ടാമത്തെ ഡോസ് വാക്‌സിനെടുത്ത് ഒൻപത് മാസം പൂർത്തിയാക്കിയ 18 വയസിന് മുകളിലുള്ള എല്ലാവർക്കും ബൂസ്റ്റർ ഡോസെടുക്കാനാകുമെന്നും ആരോഗ്യ മന്ത്രാലയം വ്യക്‌തമാക്കി
18 വയസിന് മുകളിലുള്ളവർക്കുള്ള ബൂസ്റ്റർ ഡോസ് വിതരണം ഏപ്രിൽ 10 മുതൽ - 18 വയസിന് മുകളിലുള്ളവർക്ക് ബൂസ്റ്റർ ഡോസ്
സ്വകാര്യ വാക്‌സിനേഷൻ കേന്ദ്രങ്ങളിലൂടെയാണ് ബൂസ്റ്റർ ഡോസ് നൽകുക

ആരോഗ്യ പ്രവർത്തകർ, മുൻനിര പ്രവർത്തകർ, 60 വയസിന് മുകളിൽ പ്രായമുള്ളവർ എന്നിവർക്കായി 2.4 കോടിയിലധികം ബൂസ്റ്റർ ഡോസുകൾ രാജ്യത്ത് ഇതുവരെ വിതരണം ചെയ്‌തിട്ടുണ്ട്. 12 മുതൽ 14 വയസ് വരെ പ്രായമുള്ള 45 ശതമാനം പേർ ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചിട്ടുണ്ട്.
15 വയസിന് മുകളിലുള്ള 96 ശതമാനം പേരും കൊവിഡിന്‍റെ ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്തിട്ടുള്ളവരാണ്. 83 ശതമാനം പേർ രണ്ട് ഡോസ് വാക്‌സിനും എടുത്തിട്ടുണ്ട്. അതേസമയം സര്‍ക്കാര്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ വഴി ആരോഗ്യപ്രവര്‍ത്തകര്‍, മുന്‍നിര പോരാളികള്‍, അറുപത് വയസുകഴിഞ്ഞവര്‍ എന്നിവര്‍ക്കായി ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഒന്നാം ഡോസ്, രണ്ടാം ഡോസ്, ബൂസ്റ്റര്‍ ഡോസ് വിതരണങ്ങള്‍ തുടരും.