ന്യൂഡൽഹി: കൊവിഡ് പ്രതിരോധത്തിനായി തയാറാക്കിയ ആന്‍റി ബോഡി കോക്ക്‌ടെയ്‌ല്‍ ഇന്ത്യയിലും. വൻകിട മരുന്ന് നിര്‍മാണ കമ്പനിയായ റോച്ചെ ഇന്ത്യയാണ് മരുന്ന് അവതരിപ്പിച്ചിരിക്കുന്നത്. ആദ്യ ഡോസ് പുറത്തിറക്കിയ കമ്പനി രണ്ടാം ഡോസ് ജൂണില്‍ പുറത്തിറക്കുമെന്നും അറിയിച്ചു. കാസിറിവിമാബ്, ഇംദേവിമാബ് കോക്ക്‌ടെയ്‌ലിന്‍റെ ഒരു ഡോസിന് 59,750 രൂപയാണ് വില. 1,200 മില്ലിഗ്രാമുള്ള മരുന്നില്‍ 600 മില്ലിഗ്രാം കാസിറിവിമാബും 600 മില്ലിഗ്രാം ഇംദേവിമാബും അടങ്ങിയിരിക്കുന്നു. മൾട്ടി-ഡോസ് പാക്കറ്റിന്‍റെ പരമാവധി ചില്ലറ വില 1,19,500 രൂപയായിരിക്കും. ഒരു പാക്കറ്റിലെ മരുന്ന് ഉപയോഗിച്ച് രണ്ട് രോഗികളെ ചികിത്സിക്കാൻ കഴിയും.
കൊവിഡ് ബാധിച്ചതായി സ്ഥിരീകരിക്കപ്പെട്ട മുതിർന്നവരിലും കുട്ടികളിലും (12 വയസോ അതിൽ കൂടുതലോ പ്രായമുള്ള 40 കിലോയെങ്കിലും ഭാരമുള്ള) മരുന്ന് ഉപയോഗിക്കാം. മരുന്ന് കഴിച്ചാല്‍ രോഗം വഷളാകുന്നത് തടയാനാകും. മരണനിരക്ക് 70 ശതമാനം കുറയ്‌ക്കുമെന്നും പഠനത്തില്‍ വ്യക്തമായിരുന്നു.