ന്യൂഡല്‍ഹി: രാജ്യത്ത് ഒമിക്രോണ്‍ വകഭേദം സമൂഹ വ്യാപന ഘട്ടത്തിലാണെന്ന് ആരോഗ്യമന്ത്രാലയം. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ജെനോം സ്വീക്വൻസിങ് കൺസോർഷ്യത്തിന്‍റെ (ഇന്ത്യന്‍ സാര്‍സ് SARS-CoV-2 ജെനോമിക്‌സ് കണ്‍സോര്‍ഷ്യം) ബുള്ളറ്റിനിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പ്രധാന മെട്രോ നഗരങ്ങളില്‍ ഒമിക്രോണ്‍ വ്യാപനം കൂടിയെന്നും ബുള്ളറ്റിനിൽ പറയുന്നു.
ഇതുവരെയുള്ള ഒമിക്രോണ്‍ കേസുകളില്‍ ഭൂരിഭാഗവും ലക്ഷണമില്ലാത്തതോ നേരിയ ലക്ഷണമുള്ളവയോ ആണെങ്കിലും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടേയും അതീവ പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുന്ന രോഗികളുടെയും എണ്ണത്തിൽ വര്‍ധനവുണ്ടായിട്ടുണ്ട്.
പുതിയ തരംഗത്തില്‍ മരണ നിരക്ക് കുറവാണെങ്കിലും ഒമിക്രോണ്‍ അനുബന്ധ മരണങ്ങളുണ്ടെന്നും ബുള്ളറ്റിനില്‍ പറയുന്നു. രോഗ തീവ്രതയും മരണവും കൂടുതലും റിപ്പോർട്ട് ചെയ്യുന്നത് കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് എടുക്കാത്തവരിലാണെന്നതാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.