ന്യൂഡൽഹി: കൊവിഡ് വാക്‌സിൻ നിർമാണ കമ്പനിയായ ഫൈസറുമായുള്ള ചർച്ചകൾ അവസാനഘട്ടത്തിലാണെന്ന് നാഷണൽ ടാസ്‌ക് ഫോഴ്‌സ് ചെയർമാൻ ഡോ. വികെ പോൾ. കമ്പനിയുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും ജൂലൈ മാസത്തോടെ ഇന്ത്യക്ക് വാക്‌സിൻ ലഭിച്ചു തുടങ്ങുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ താൽപര്യം പരിഗണിച്ചാകും നിർമാണ കമ്പനിയുമായുള്ള കരാറിൽ ഒപ്പുവക്കുകയെന്നും ഇതുവരെ നിബന്ധനകളെ സംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ലെന്നും ഡോ. പോൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഫൈസർ വാക്‌സിൻ കൊവിഡിനെതിരെ 91.3 ശതമാനം ഫലപ്രാപ്‌തമാണെന്നാണ് പഠനങ്ങൾ.
കൊവിഡ് ഇന്തോ വേരിയന്‍റിന് ഫൈസർ വാക്‌സിനെതിരെ കൂടുതൽ പോരാടാൻ കഴിയുമെന്ന് ആരോഗ്യ മന്ത്രാലയവും ഫൈസർ ഉദ്യോഗസ്ഥരും നടത്തിയ ചർച്ചയിൽ വ്യക്തമാക്കിയിരുന്നു. 12 വയസിന് മുകളിലുള്ള കുട്ടികൾക്ക് മുതൽ വാക്സിൻ അനുയോജ്യമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും തണുപ്പുള്ള ഇടത്ത് ഒരു മാസത്തോളം വാക്‌സിൻ സൂക്ഷിക്കാനാകുമെന്നും അധികൃതർ അറിയിച്ചിരുന്നു. സൈഡസ്, സ്‌പുട്‌നിക്, സെനോവ അടക്കമുള്ള കമ്പനികളുമായി ചർച്ചകൾ നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.