പനാജി: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ നാളെ രാത്രി 7 മണി മുതൽ മെയ് 3 രാവിലെ വരെ ഗോവയിൽ ലോക്ക് ഡൗൺ. അവശ്യ സേവനങ്ങളെയും വ്യവസായങ്ങളെയും ലോക്ക് ഡൗണിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നാളെ മുതൽ അടുത്ത തിങ്കളാഴ്ച വരെ നീളുന്ന നിയന്ത്രണങ്ങളിലൂടെ കൊവിഡ് ശൃംഖല തകർക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ലോക്ക് ഡൗണിൽ വ്യാവസായിക സേവനങ്ങൾക്ക് വിലക്കില്ലെങ്കിലും ആഴ്ചകൾ തോറും വിവിധ സ്ഥലങ്ങളിൽ സംഘടിപ്പിക്കുന്ന ചന്തകൾക്ക് അനുമതി നൽകിയിട്ടില്ല. തിങ്കളാഴ്ച രാവിലെ വരെയാണ് നിയന്ത്രണങ്ങൾ എന്നതിനാൽ ദൈനംദിന തൊഴിലാളികൾ ആശങ്കപ്പെടേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക്ക് ഡൗൺ നിർദേശങ്ങൾ വിശദീകരിച്ച് ഇന്ന് വൈകുന്നേരത്തോടെ സംസ്ഥാന സർക്കാർ വിജ്ഞാപനം പുറപ്പെടുവിക്കുമെന്നും അദ്ദേഹം അറിയിച്ചു.