ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം വർധിക്കുമ്പോൾ വാക്‌സിനേഷനെ സംബന്ധിക്കുന്ന അപവാദ പ്രചാരണങ്ങളിൽ വിശ്വസിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ എല്ലാ ജനങ്ങളും വാക്‌സിനേഷന് വിധേയമാകണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്‌തു. മൻ കി ബാത്തിന്‍റെ 76-ാം പതിപ്പിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. വിശ്വസനീയമായ മാധ്യമങ്ങളിലൂടെ വരുന്ന വാർത്തകൾക്ക് മാത്രം ശ്രദ്ധ കൊടുത്താൽ മതിയെന്നും അദ്ദേഹം പറഞ്ഞു.
വാക്‌സിനേഷൻ: അപവാദ പ്രചാരണങ്ങൾ വിശ്വസിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
നമുക്ക് ചുറ്റും നടക്കുന്ന അപവാദ പ്രചാരണങ്ങളിൽ വിശ്വസിക്കരുതെന്നും രാജ്യത്തെ എല്ലാ ജനങ്ങളും കൊവിഡ് വാക്‌സിനേഷന്‍റെ ഭാഗമാകണമെന്നും മൻ കി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരുകൾക്ക് സൗജന്യമായാണ് വാക്‌സിൻ വിതരണം ചെയ്‌തതെന്നും 45 വയസിന് മുകളിലുള്ളവർക്ക് ഇത് ഉപയോഗപ്രദമായെന്നും അദ്ദേഹം പറഞ്ഞു. മെയ് ഒന്നു മുതൽ 18ന് മുകളിലുള്ള ആളുകൾക്ക് വാക്‌സിനേഷൻ ആരംഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കോർപറേറ്റ് സെക്‌ടറിലുള്ളവർക്കും വാക്‌സിനേഷൻ ഡ്രൈവിന്‍റെ ഭാഗമാകാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫോണിലൂടെ ഡോക്‌ടർന്മാരുടെ നിർദേശങ്ങൾ സ്വീകരിക്കണമെന്നും സാമൂഹ്യ മാധ്യമങ്ങളിലൂടെ കൃത്യമായ വിവരങ്ങൾ കൈമാറുന്ന ഡോക്‌ടർന്മാരെ തനിക്ക് അറിയാമെന്നും അദ്ദേഹം മൻ കി ബാത്തിൽ പറഞ്ഞു.
കേന്ദ്ര സർക്കാരിന്‍റെ വാക്‌സിനേഷൻ ഡ്രൈവ് നടന്നുകൊണ്ടിരിക്കുകയാണെന്നും സംസ്ഥാന സർക്കാരുകളും കൂടുതൽ ആളുകളിലേക്ക് ഇത് എത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് രോഗികൾക്ക് ഓൺലൈൻ മീഡിയയിലൂടെ നിർദേശങ്ങൾ നൽകുന്ന ആരോഗ്യ പ്രവർത്തകരുടെയും ആശുപത്രികളുടെയും തീരുമാനത്തെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. സാങ്കേതിക വിദ്യയിലൂടെ രോഗികൾക്ക് വിവരം പറഞ്ഞു നൽകുന്ന നടപടി പ്രശംസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.