ബെംഗളുരു:കൊവിഡ് മഹാമാരി ലോകമെമ്പാടുമുള്ള കോടിക്കണക്കിനാളുകളുടെ ജീവൻ അപഹരിക്കുകയും നിരവധി പേർക്ക് നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തു. നിരവധി പേരുടെ ജീവൻ കൊറോണ വൈറസ് പ്രിയപ്പെട്ടവരുടെ കൺമുന്നിൽ അപഹരിച്ച അനവധി കഥകൾ ദിനംപ്രതി വന്നുകൊണ്ടിരിക്കുന്നു. എന്നാൽ കൊവിഡ് മനുഷ്യരെ അകറ്റുക മാത്രമല്ല, ഒന്നിപ്പിക്കുകയും ചെയ്തിരിക്കുകയാണ്. 20 വർഷങ്ങൾക്ക് മുൻപ് നഷ്ടപ്പെട്ട മകനെയാണ് കൊവിഡ് മൂലം ഹസ്സൻ ജില്ലയിലെ ശാന്തിഗ്രാമിലെ രാജേഗൗഡ- അക്കയമ്മ ദമ്പതികൾക്ക് തിരിച്ചുകിട്ടിയിരിക്കുന്നത്.
കൊവിഡ് തിരിച്ചു നൽകിയത് രണ്ട് പതിറ്റാണ്ട് മുൻപ് നഷ്ടപ്പെട്ട മകനെ...
16ആം വയസിൽ വീട് വിട്ട് പോയ മകൻ കൊവിഡ് പ്രതിസന്ധി മൂലം മടങ്ങി വരികയായിരുന്നു
രാജേഗൗഡ- അക്കയമ്മ ദമ്പതികളുടെ മൂത്ത മകനായ ശേഖർ 16ആം വയസിൽ വീട് വിട്ട് പോയിരുന്നു. മകനെ കണ്ടെത്താൻ പൊലീസിൽ പരാതിപ്പെട്ടിരുന്നെങ്കിലും അനുകൂല വാർത്തകളൊന്നും കിട്ടാതെ വന്നപ്പോൾ മകൻ മരിച്ചിരിക്കാമെന്ന് കരുതി. എന്നാൽ വീടു വിട്ട് പോയ ശേഖർ കുറച്ചു ദിവസം ബെംഗ്ലൂരില്‍ താമസിച്ചതിന് ശേഷം മുംബൈയിലേക്കും അവിടെനിന്ന് ദുബൈയിലേക്കും പോയി. നാളുകൾക്ക് ശേഷം ഗുജറാത്തിലേക്കും പിന്നീട് മധ്യപ്രദേശിലേക്കും മടങ്ങിയ ശേഖർ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്തു. ഒടുവിൽ വർഷങ്ങളോളം ആന്ധ്രാപ്രദേശിലെ പാനിപൂരി കടയിൽ നിന്നു. കൊവിഡ് പ്രതിസന്ധി ബിസിനസ്സ് കൂടുതൽ വഷളാക്കിയപ്പോൾ നാട്ടിലേക്ക് മടങ്ങുകയായിരുന്നു.
രണ്ട് പതിറ്റാണ്ടിനുശേഷം നഷ്ടപ്പെട്ട മകനെ കാണാൻ കഴിഞ്ഞ സന്തോഷത്തിലാണ് വൃദ്ധ ദമ്പതികൾ.