ന്യൂഡൽഹി: രാജ്യ തലസ്ഥാനത്തെ 65 ശതമാനം കൊവിഡ് രോഗികളും 45 വയസിൽ താഴെ പ്രായമുള്ളവരാണെന്നും വാക്സിനേഷനുള്ള പ്രായപരിധി നീക്കം ചെയ്യാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. വാക്സിൻ എടുക്കുന്നതിന് വീടുകൾ തോറും കാമ്പയിൻ നടത്താൻ ഡൽഹി സർക്കാർ ഒരുക്കമാണെന്നും അദ്ദേഹം പറഞ്ഞു.
തലസ്ഥാനത്തെ 65 ശതമാനം കൊവിഡ് രോഗികളും 45 വയസിൽ താഴെ പ്രായമുള്ളവർ - ഡൽഹി മുഖ്യമന്ത്രി
വാക്സിനേഷനുള്ള പ്രായപരിധി നീക്കം ചെയ്യാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അരവിന്ദ് കെജ്‌രിവാൾ.
വാക്സിനേഷൻ തകൃതിയായി നടക്കുമ്പോൾ പോലും കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ വാക്സിനേഷന്‍റെ നിരക്ക് വീണ്ടും കൂട്ടണമെന്ന് കെജ്‌രിവാൾ ആവശ്യപ്പെട്ടു.
ആശുപത്രികളിലേക്ക് പോകുന്നതിന് മുൻപ് ബെഡുകളുടെ ലഭ്യത സർക്കാർ ആപ്പുകളിൽ അന്വേഷിക്കണമെന്നും അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമേ ആശുപത്രികളിൽ പ്രവേശിക്കാവൂ എന്നും ജനങ്ങളോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഹോട്ടലുകൾ, തിയേറ്ററുകൾ, വിവാഹം എന്നീ സാഹചര്യങ്ങളിൽ പാലിക്കേണ്ട പെരുമാറ്റച്ചട്ടങ്ങൾ സർക്കാർ പുറത്തിറക്കിയിരുന്നു. മഹാരാഷ്ട്രയിർ നിന്നുള്ളവർക്ക് യാത്രാവിലക്കും ഡൽഹിയിലുണ്ട്. തലസ്ഥാനത്ത് നിലവിൽ 28,773 കൊവിഡ് കേസുകളാണുള്ളത്.