ബെംഗളൂരു: സംസ്ഥാനത്തെ കൊവിഡ് വ്യാപനം പ്രതീക്ഷിച്ച രീതിയില്‍ കുറയാത്തതില്‍ ആശങ്ക രേഖപ്പെടുത്തി കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ. എട്ട് ജില്ലകളിലെ ഡെപ്യൂട്ടി കമ്മീഷണർമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് മുഖ്യമന്ത്രി ആശങ്ക രേഖപ്പെടുത്തിയത്. ബെലഗവി, ചിക്കമഗളൂരു, ദക്ഷിണ കന്നഡ, ഹസ്സൻ, മൈസുരു, മാണ്ഡ്യ, ശിവമോഗ, തുമകുരു ജില്ലകളിലെ രോഗവ്യാപന സാഹചര്യം അതിരൂക്ഷമാണെന്ന് വിലയിരുത്തിയ യോഗത്തില്‍ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ തുടരാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
ഏപ്രില്‍ 27ന് സംസ്ഥാനത്ത് ആരംഭിച്ച ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താൻ നാല് ദിവസം ശേഷിക്കെയാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നത്. രോഗവ്യാപനം കൂടുതലുള്ള ജില്ലകളിലെ ഇളവുകള്‍ സംബന്ധിച്ച് ഉടൻ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക്ക് ഡൗണ്‍ സമയത്ത് സംസ്ഥാന സർക്കാർ സ്വീകരിച്ച കർശന നടപടികള്‍ കാരണം കേസുകൾ കുറഞ്ഞതെങ്കിലും എട്ട് ജില്ലകളിലെ സ്ഥിതി ഗുരുതരമായി തുടരുകയായിരുന്നു. ഗ്രാമപ്രദേശങ്ങളിൽ കേസുകൾ വർധിക്കുന്നതിലും മുഖ്യമന്ത്രി ആശങ്ക രേഖപ്പെടുത്തി.