പനജി: കൊവിഡ് വർധനവിനെ തുടർന്ന് രണ്ടാഴ്ചത്തെ കർഫ്യൂ ഏർപ്പെടുത്തി ഗോവ സർക്കാർ. മെയ് 9 മുതൽ മെയ് 23 വരെയാണ് കർഫ്യൂ ഏർപ്പെടുത്തിയത്. അവശ്യ സേവനങ്ങൾ അനുവദിക്കുമെന്ന് ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത് അറിയിച്ചു. പലചരക്ക് കടകൾ രാവിലെ ഏഴ് മുതൽ ഉച്ചക്ക് ഒന്ന് വരെ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കും. റെസ്റ്റോറന്‍റ് ടേക്ക്അവേ ഓർഡറുകൾ രാവിലെ ഏഴ് മുതൽ രാത്രി ഏഴ് വരെ അനുവദിക്കും. വിശദമായ ഉത്തരവ് ഞായറാഴ്ച നാല് മണിയ്‌ക്ക് പുറത്തിറക്കുമെന്നും സാവന്ത് പറഞ്ഞു.
ഗോവയിൽ മെയ് 9 മുതൽ മെയ് 23 വരെ കർഫ്യൂ - ഗോവ മുഖ്യമന്ത്രി
അവശ്യ സേവനങ്ങൾ അനുവദിക്കുമെന്ന് ഗോവ മുഖ്യമന്ത്രി
കൂടുതൽ വായനയ്‌ക്ക്:തമിഴ്‌നാട്ടിലും ലോക്ക് ഡൗണ്‍
ഗോവയിലേക്ക് പ്രവേശിക്കുന്നവർക്ക് ആർടി-പിസിആർ നെഗറ്റീവ് റിപ്പോർട്ട് അല്ലെങ്കിൽ വാക്സിനേഷൻ (രണ്ട് ഡോസുകളും) സർട്ടിഫിക്കറ്റ് എന്നിവ നിർബന്ധമാക്കിയിട്ടുണ്ട്. ഗോവയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും മരണനിരക്കും വർധിച്ചുകൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് ഓക്സിജന്‍റെയും മരുന്നുകളുടെയും കുറവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗോവയിൽ 4,195 പുതിയ കൊവിഡ് കേസുകളും 56 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഗോവയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,12,462 ആയി. 31,716 സജീവ രോഗബാധിതരാണ് ഗോവയിലുള്ളത്.