ന്യൂഡല്‍ഹി : കൊവിഡ് നിയന്ത്രണത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം 2005ലെ ദേശീയ ദുരന്തനിവാരണ നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ പുറപ്പെടുവിച്ച ഉത്തരവുകളും മാര്‍ഗനിര്‍ദേശങ്ങളും പിന്‍വലിക്കുന്നു. കൊവിഡ് നിയന്ത്രണത്തിനായി 2022 ഫെബ്രുവരി 25നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അവസാനമായി ഉത്തരവിറക്കിയത്. ഈ മാസം 31ന് (31.03.2022) ഇതിന്‍റെ കാലാവധി അവസാനിക്കും.
ഈ മാസം 31ന് ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ യാതൊരു വിധ കൊവിഡ് നിയന്ത്രണങ്ങളും രാജ്യത്ത് ഉണ്ടാവില്ല. ദുരന്ത നിവാരണ നിയമത്തിന്‍റെ അടിസ്ഥാനത്തിലുള്ള കൊവിഡ് നിയന്ത്രണങ്ങള്‍ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും പിന്‍വലിക്കാനും കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല സംസ്ഥാന- കേന്ദ്ര ഭരണപ്രദേശങ്ങളിലെ ചീഫ് സെക്രട്ടറിമാരോട് നിര്‍ദേശിച്ചു. എന്നാല്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം കൊവിഡ് നിയന്ത്രണത്തിന് ഇറക്കിയ മാര്‍ഗ നിര്‍ദേശങ്ങള്‍ തുടരുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
മാസ്‌ക് ധരിക്കുക, കൈകള്‍ ശുദ്ധമായി വയ്ക്കുക തുടങ്ങിയവയാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ മാര്‍ഗ നിര്‍ദേശങ്ങള്‍. ഈ മാര്‍ഗ നിര്‍ദേശങ്ങളായിരിക്കും കൊവിഡ് നേരിടുന്നതില്‍ രാജ്യത്തെ നയിക്കുക . രാജ്യത്ത് കൊവിഡ് കുറഞ്ഞ സാഹചര്യത്തില്‍ നിയന്ത്രണത്തിന് ദേശീയ ദുരന്തനിവാരണ നിയമത്തിലെ വ്യവസ്ഥകള്‍ ഉപയോഗപ്പെടുത്തേണ്ട ആവശ്യമില്ലെന്ന് അതോറിറ്റി തീരുമാനിക്കുകയായിരുന്നു.